സിന്ധു, വിനോദ് | Screengrab

പാലക്കാട്: പനങ്കുറ്റിയിൽ നിന്ന് പത്തുദിവസങ്ങൾക്ക് മുമ്പ് കാണാതായ കിഴക്കഞ്ചേരി പനങ്കുറ്റി സ്വദേശിയായ പുരുഷൻ്റെയും കൊടുമ്പാല സ്വദേശിനിയായ സ്ത്രീയുടെയും മൃതദേഹങ്ങൾ പനങ്കുറ്റിക്കു സമീപം പീച്ചി വനമേഖലയിൽ കണ്ടെത്തി. പനങ്കുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (53), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു (35) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. വിനോദിൻ്റെ മൃതദേഹം റോഡിൽ നിന്നും മൂന്ന് കിലോമീറ്ററോളം ഉള്ളിലായി മുണ്ടിൽ കുരുക്കിട്ട് മരത്തിൽ തൂങ്ങിയ നിലയിലും സിന്ധുവിൻ്റെ മൃതദേഹം സമീപത്തെ പാറയുടെ താഴെ വീണു കിടക്കുന്ന നിലയിലുമായിരുന്നു. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങി മരിച്ചുവെന്നാണ് വടക്കഞ്ചേരി പോലീസിൻ്റെ പ്രാഥമിക നിഗമനം.

വിനോദും സിന്ധുവും കുറച്ചു കാലമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മാർച്ച് 27 നാണ് ഇരുവരെയും കാണാതായത്. 28 ന് ഇരുവരുടെയും ബന്ധുക്കൾ വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. സൈബർ സെല്ലിൻ്റെ സഹായത്തോടെ വിനോദിൻ്റെയും സിന്ധുവിൻ്റെയും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടവർ ലോക്കേഷൻ 27 ന് ഉച്ചയ്ക്ക് പനങ്കുറ്റി വനഭാഗത്തായിരുന്നുവെന്ന് മനസിലായി. സിന്ധുവിൻ്റെ ഫോൺ പനങ്കുറ്റി മേഖലയിൽ വച്ച് സ്വച്ച് ഓഫ് ചെയ്യപ്പെട്ടതായും കണ്ടെത്തി.

തുടർന്ന് കടാവർ പോലീസ് നായയുടെ (മണ്ണിനടയിൽപ്പെട്ട മനുഷ്യരെയുൾപ്പെടെ കണ്ടെത്താൻ പരിശീലനം ലഭിച്ചവ) സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.