മെജോ, അതുൽ കൃഷ്ണ, അക്ഷയ്, ഫാസിൽ, ജിഷ്ണു | Photo: Special Arrangement

മൂര്‍ക്കനാട്: ആലുംപറമ്പില്‍ ഉത്സവത്തിനിടയില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരനായ ഒരാള്‍ അടക്കം ആറുപേര്‍ പോലീസ് പിടിയില്‍. 2018ല്‍ ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ മോന്തച്ചാലില്‍ വിജയന്‍ വധക്കേസിലെ പ്രതികളിലൊരാളായ ജാമ്യത്തിലിറങ്ങിയ വെള്ളാങ്ങല്ലൂര്‍ അമ്മാട്ടുകുളം കുന്നത്താന്‍ വീട്ടില്‍ മെജോ (32) അടക്കം ആറുപേരാണ് ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്. കരുവന്നൂര്‍ ചെറിയപാലം പുക്കോട്ടില്‍ വീട്ടില്‍ അപ്പുവെന്നുവിളിക്കുന്ന അതുല്‍ കൃഷ്ണ (23), അമ്മാടം പാര്‍പ്പക്കടവ് പുത്തന്‍പുരയ്ക്കല്‍ അക്ഷയ് (21), കാറളം വെള്ളാനി പാടേക്കാരന്‍ ഫാസില്‍ (23), കാറളം കിഴുത്താണി ചീരോത്ത് വീട്ടില്‍ വാവ എന്നുവിളിക്കുന്ന ജിഷ്ണു (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.

ബുധനാഴ്ച രാത്രി ഏഴുമണിയോടെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മരിച്ച അരിമ്പൂര്‍ ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ്ക്ക് (21) നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ ആനന്ദപുരം സ്വദേശി സന്തോഷിന്റെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സന്തോഷ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഡിസംബറില്‍ മൂര്‍ക്കനാട് നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കുത്തുനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കത്തിയും വാച്ചും ചെരുപ്പുമെല്ലാം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. റോഡിലെ രക്തകറയുടെ സാമ്പിളും പരിശോധനയ്‌ക്കെടുത്തു. ഫോറന്‍സിക് സൈന്റിഫിക് വിദഗ്ദ്ധ ലക്ഷ്മി, വിരലടയാള വിദഗ്ദ്ധ ജീനി, ഫോറന്‍സിക് ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇരിങ്ങാലക്കുട സി.ഐ. മനോജ്, എസ്.ഐ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.