പ്രതീകാത്മക ചിത്രം

മൂര്‍ക്കനാട്; തൃശ്ശൂര്‍ മൂര്‍ക്കനാട്‌ ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ കത്തിക്കുത്തേറ്റ രണ്ടാമത്തേയാളും മരിച്ചു. ആനന്ദപുരം സ്വദേശി സന്തോഷാണ് മരിച്ചത്. സംഘര്‍ഷത്തില്‍ അരിമ്പൂര്‍ ചുള്ളിപ്പറമ്പില്‍ വീട്ടില്‍ അക്ഷയ് സംഘര്‍ഷം നടന്ന ബുധനാഴ്ച തന്നെ മരിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഏഴോടെ മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പിൽവെച്ചായിരുന്നു സംഭവം. രണ്ട്‌ സംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണമുണ്ടായത്. സംഭവത്തിൽ മരിച്ച അരിമ്പൂർ ചുള്ളിപ്പറമ്പിൽ വീട്ടിൽ സുഭാഷ്ചന്ദ്രബോസിന്റെ മകൻ അക്ഷയി(21)ന്‌ നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. സംഭവത്തിൽ അഞ്ചുപേർക്ക് കുത്തേറ്റിരുന്നു.

2018 -ൽ ഇരിങ്ങാലക്കുട കനാൽ ബേസിൽ മോന്തച്ചാലിൽ വിജയൻ വധക്കേസിലെ പ്രതികളിലൊരാളായ ജാമ്യത്തിലിറങ്ങിയ വെള്ളാങ്ങല്ലൂർ അമ്മാട്ടുകുളം കുന്നത്താൻ വീട്ടിൽ മെജോ(32) അടക്കം ആറുപേരാണ് ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്. കരുവന്നൂർ ചെറിയപാലം പുക്കോട്ടിൽ വീട്ടിൽ അപ്പുവെന്നുവിളിക്കുന്ന അതുൽ കൃഷ്ണ(23), അമ്മാടം പാർപ്പക്കടവ് പുത്തൻപുരയ്ക്കൽ അക്ഷയ്(21), കാറളം വെള്ളാനി പാടേക്കാരൻ ഫാസിൽ(23), കാറളം കിഴുത്താണി ചീരോത്ത് വീട്ടിൽ വാവ എന്നുവിളിക്കുന്ന ജിഷ്ണു (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കുഞ്ഞുമൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസും സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

ഡിസംബറിൽ മൂർക്കനാട്ട്‌ നടത്തിയ ഫുട്ബോൾ മത്സരത്തിൽ രണ്ട് ടീമുകൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വിരോധമാണ് ഉത്സവത്തിനിടയിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. കുത്ത്‌ നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കത്തിയും വാച്ചും ചെരിപ്പുമെല്ലാം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു.