രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കുന്നു |ഫോട്ടോ:ANI

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നാനമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന്‌ ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സാലും കോണ്‍ഗ്രസും ആരോപിക്കുന്നത്.

ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബന്‍സാല്‍ വസ്തു നികുതി അദ്ദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവാനി ബന്‍സാല്‍ അറിയിച്ചു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ തിരുവനന്തപുരത്ത് പത്രികകളുടെ സൂക്ഷമ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളിയിട്ടുണ്ട്. സിഎസ്‌ഐ മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഭാര്യയുടെ പത്രികയടക്കമാണ് തള്ളിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറടക്കമുള്ള പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങള്‍…

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി പരിധിയില്‍ വന്ന വരുമാനം 5.59 ലക്ഷം രൂപ.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷ ഭാര്യയുടെ നികുതി പരിധിയിലെ വരുമാനം 1.32 കോടി.
  • 2019 ല്‍ 10.83 കോടി വരുമാനം, 2020 ല്‍ 4.48കോടി, 2021 ല്‍ 17.51 ലക്ഷം.
  • കൈവശമുള്ളത് 52,000 രൂപ.
  • രാജേഷ് ചന്ദ്രശേഖരന്റെ കൈവശമുള്ള വാഹനം 1942 മോഡല്‍ ബൈക്ക്ഈ ബൈക്കിന് വില 10000 രൂപ.
  • 14 കോടി രൂപയുടെ ഭൂമി.
  • മറ്റ് ആസ്തിമൂല്യം 9.26 കോടി.
  • ഭാര്യയ്ക്ക് നിരാമയ റിട്രീറ്റ് കോവളത്തിന്റെ ഷെയറില്‍ നിന്ന് വരുമാനം.
  • രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയെന്ന കേസ്.