Photo: iplt20.com
ദുബായില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 19-ന് നടന്ന ഐപിഎല്‍ താരലേലത്തിനു പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ പേരായിരുന്നു ഛത്തീസ്ഗഡ് താരം ശശാങ്ക് സിങ്ങിന്റേത്. ആളുമാറി പഞ്ചാബ് അബദ്ധത്തില്‍ ടീമിലെടുത്തതായിരുന്നു ശശാങ്കിനെ. അന്ന് സംഭവിച്ച അബദ്ധം മനസിലാക്കി ലേലം പിന്‍വലിക്കണമെന്ന് ടീം ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗര്‍ അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ പഞ്ചാബിന് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരികയായിരുന്നു താരത്തെ. എന്നാലിപ്പോള്‍ അന്ന് സഹിച്ച അപമാനത്തിന് ബാറ്റുകൊണ്ട് മറുപടി നല്‍കുകയാണ് ശശാങ്ക്. കഴിഞ്ഞ ദിവസം ഗുജറത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് നേടിയ ആവേശ ജയത്തിനു പിന്നില്‍ ശശാങ്കായിരുന്നു.
ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയും ജോണി ബെയര്‍സ്‌റ്റോയേയും നേരത്തേ നഷ്ടമായി പഞ്ചാബ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ശശാങ്ക് സൂപ്പര്‍ ഹീറോ വേഷം എടുത്തണിയുന്നത്. ആറാമനായി ക്രീസിലെത്തി വിജയപ്രതീക്ഷ കൈവിട്ട പഞ്ചാബ് ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 29 പന്തില്‍ നിന്ന് നാല് സിക്‌സിന്റെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ അവസാന ഓവറില്‍ പഞ്ചാബിന് ആവേശ ജയം സമ്മാനിക്കുകയും ചെയ്തു ശശാങ്ക്. ഏഴാം വിക്കറ്റില്‍ ഇംപാക്റ്റ് പ്ലെയറായ അഷുതോഷ് ശര്‍മയെ (17 പന്തില്‍ 31) കൂട്ടുപിടിച്ചായിരുന്നു ആ രക്ഷാപ്രവര്‍ത്തനം. ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് താരലേലത്തിലെ സംഭവത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്കും അപമാനിച്ചവര്‍ക്കുമുള്ള ശശാങ്കിന്റെ മറുപടി കൂടിയായി ഈ ഇന്നിങ്‌സ്.

ആ ഇന്നിങ്‌സിനിടെ റാഷിദ് ഖാനും മോഹിത് ശര്‍മയും ഉമേഷ് യാദവും അസ്മത്തുള്ള ഒമര്‍സായിയുമെല്ലാം ശശാങ്കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒടുവില്‍ വിജയ റണ്‍ കുറിച്ച ശേഷം പഞ്ചാബ് ഡഗ്ഔട്ടിലേക്ക് ബാറ്റ് നീട്ടി ഈ 32-കാരന്‍ നടത്തിയ ആഘോഷത്തില്‍ എല്ലാറ്റിനുമുള്ള മറുപടിയുണ്ടായിരുന്നു.
ലേലത്തില്‍ അന്ന് നടന്നത്
ദുബായില്‍ നടന്ന ലേലത്തില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായിരുന്നു പഞ്ചാബ് ടീം ഉടമകളുടെ പദ്ധതി. എന്നാല്‍ ലേല ഹാളില്‍ ശശാങ്ക് സിങ് എന്ന പേരുകേട്ടതോടെ പഞ്ചാബ് ഉടമ പ്രീതി സിന്റ മറ്റൊന്നും ആലോചിക്കാതെ ലേലം വിളിക്കുകയായിരുന്നു. മറ്റ് ടീമുകളൊന്നും വിളിക്കാതിരുന്നതോടെ ശശാങ്ക് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് പഞ്ചാബിന്റെ ഭാഗമായി. പിന്നീടാണ് 32-കാരനായ ഛത്തീസ്ഗഡ് താരം ശശാങ്കിനെയാണ് തങ്ങള്‍ വിളിച്ചെടുത്തതെന്ന് ടീം ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തിരിച്ചറിയുന്നത്. ഇതോടെ സംഭവിച്ച അബദ്ധം ഇവര്‍ മല്ലിക സാഗറിനെ അറിയിച്ചു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മല്ലികയുടെ മറുപടി. ഇതോടെ താരത്തെ പഞ്ചാബിന് ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല.
