ആക്രമണത്തിനിരയായ ടി.ടി.ഇ. ജെയ്‌സൺ
തിരുവനന്തപുരം: ട്രെയിനില്‍ ടി.ടി.ഇ.ക്ക് നേരേ വീണ്ടും ആക്രമണം. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ടി.ടി.ഇ.യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേയാണ് ട്രെയിനില്‍വെച്ച് മറ്റൊരു ടി.ടി.ഇ. കൂടി ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലാണ് ടി.ടി.ഇ.യായ ജെയ്‌സണെ ഭിക്ഷാടകന്‍ ആക്രമിച്ചത്. രാവിലെ ട്രെയിന്‍ പുറപ്പെടും മുന്‍പ് തിരുവനന്തപുരം റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ജെയ്‌സണിന്റെ മുഖത്ത് പോറലേറ്റു. ഇദ്ദേഹം പിന്നീട് ആശുപത്രിയില്‍ ചികിത്സതേടി.
”സംശയാസ്പദമായ സാഹചര്യത്തില്‍ മുഷിഞ്ഞ വസ്ത്രമെല്ലാം ധരിച്ച ഒരാള്‍ വണ്ടിയില്‍ കയറിയിരുന്നു. ഇയാളെ കണ്ടപ്പോള്‍ തന്നെ അസ്വാഭാവികതതോന്നി. തുടര്‍ന്ന് ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിക്കറ്റില്ലായിരുന്നു. പിന്നാലെ വണ്ടിയിലുണ്ടായിരുന്ന കച്ചവടക്കാരനെ തള്ളിമാറ്റിയശേഷം അയാള്‍ മുന്നോട്ടുപോയി. അതോടെ പിറകെ പോയി ടിക്കറ്റ് ചോദിച്ചു. ടിക്കറ്റില്ലെങ്കില്‍ വണ്ടിയില്‍നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അയാള്‍ ട്രെയിനിനുള്ളില്‍ തുപ്പി. എന്നെ ഇടിക്കാന്‍ വന്നു. ആദ്യതവണ ഞാന്‍ ഒഴിഞ്ഞുമാറി. രണ്ടാമത് അയാള്‍ എന്റെ മാസ്‌ക് ഉള്‍പ്പെടെ വലിച്ചുകീറി കണ്ണിന്റെ ഭാഗത്ത് അടിച്ചു. അപ്പോള്‍ തന്നെ പരാതിപ്പെട്ടു. ട്രെയിനിലെ ഗാര്‍ഡ് റൂമില്‍നിന്ന് പ്രാഥമിക ശുശ്രൂഷ തേടി. പിന്നീട് ആശുപത്രിയില്‍ പോയി”, ജെയ്‌സണ്‍ ദുരനുഭവം വിവരിച്ചു.
”എനിക്ക് വലിയ പരിക്കൊന്നുമില്ല. പക്ഷേ, ജോലിചെയ്യാന്‍ പേടിയാണ്. ഞങ്ങളുടെ കൂട്ടുകാരന്‍ ഇന്നലെ പോയേയുള്ളൂ. ഞങ്ങള്‍ക്ക് അവസാനമായി ഒന്ന് കാണാന്‍പോലും പറ്റിയില്ല. അതിനുശേഷം ഇന്നുതന്നെ ഇങ്ങനെ സംഭവിക്കുകയെന്ന് പറയുമ്പോള്‍, ജോലിചെയ്യാനുള്ള ധൈര്യം നഷ്ടപ്പെടുകയാണ്. ഒഴിഞ്ഞുമാറിയതിനാലാണ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്”, ജെയ്‌സണ്‍ പറഞ്ഞു.
ജനശതാബ്ദി എക്‌സ്പ്രസിലെ ഡി-11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായതെന്നാണ് ജെയ്‌സണ്‍ പറയുന്നത്. ട്രെയിന്‍ തിരുവനന്തപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കെയായിരുന്നു ആക്രമണം. ആ സമയത്ത് കോച്ചില്‍ ആര്‍.പി.എഫോ റെയില്‍വേ പോലീസോ ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് പോലീസെത്തി. അക്രമിക്കായി റെയില്‍വേ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
