ഗൗരവ് വല്ലഭ് | Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വക്താവുമായിരുന്ന ഗൗരവ് വല്ലഭ് പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അദ്ദേഹം അയച്ച കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദിശാബോധമില്ലാതെയാണ് നീങ്ങുന്നതെന്ന വിമര്‍ശനവും അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ധന-സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താവായിരുന്നു ഗൗരവ്. സനാതനവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനും രാജ്യത്തിന്റെ സമ്പത്ത് സ്രഷ്ടാക്കളെ രാവിലെയും വൈകിട്ടും ചീത്തവിളിക്കാനും തനിക്ക് സാധിക്കില്ല. അതിനാല്‍ പാര്‍ട്ടിപദവികളില്‍നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും രാജിവെക്കുകയാണെന്നും ഗൗരവ് കത്തില്‍ പറയുന്നുണ്ട്.
2019-ലെ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും 2023-ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഗൗരവ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
