മരിച്ച നവീനും ഭാര്യ ദേവിയും, ആര്യ ബി.നായർ(വലത്ത്)

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്ന് മലയാളികളും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്ന് സൂചന. മരിച്ച നവീന്‍ ആണ് ഇത്തരംകാര്യങ്ങളിലേക്ക് മറ്റുള്ളവരെ നയിച്ചതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച ചില ചിത്രങ്ങള്‍ നവീന്‍ ആര്യയ്ക്ക് അയച്ചുനല്‍കിയിരുന്നതായും പോലീസ് പറയുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ ‘ശ്രീരാഗ’ത്തില്‍ ആര്യാ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ജിറോയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ശരീരത്തില്‍നിന്നു രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ദേവിയെയും ആര്യയെയും വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം. ആര്യയ്ക്ക് മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അരുണാചല്‍പ്രദേശിലെ ലോവര്‍ സുബന്‍സിരി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എച്ച്.പി. വിവേക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുറിയില്‍നിന്ന് കുറിപ്പ് കണ്ടെത്തി. മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരുടെ കൈത്തണ്ടയില്‍ മുറിവുണ്ട്. ഒരാളുടെ കഴുത്തിലും മുറിവുണ്ട്. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, മൂവരും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ പാര്‍ക്കിങ്ങില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവീന്‍ തോമസിന്റെ കാറില്‍ വിമാനത്താവളത്തിലെത്തിയ മൂവരും വാഹനം ഇവിടെനിര്‍ത്തിയിട്ട ശേഷമാണ് കൊല്‍ക്കത്ത വഴി അരുണാചല്‍ പ്രദേശിലെത്തിയത്.

തിരുവനന്തപുരം സ്വകാര്യ ആയുര്‍വേദ കോളേജില്‍ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുര്‍വേദ റിസോര്‍ട്ടിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലും കേക്ക് നിര്‍മാണത്തിലും സജീവമായിരുന്നു.

മൂന്നുമാസം മുന്‍പായിരുന്നു ആര്യയുടെ വിവാഹനിശ്ചയം. മെയ് ആറിന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനുമുന്നോടിയായി വീട്ടുകാര്‍ കല്യാണക്കുറി തയ്യാറാക്കി കല്യാണംവിളിയും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആര്യയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ആര്യ ഫ്രഞ്ച് ഭാഷാപഠനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ആര്യ ഫ്രഞ്ചും ദേവി ജര്‍മന്‍ ഭാഷയുമാണ് പഠിപ്പിച്ചിരുന്നത്. ഇവിടെനിന്നാണ് ഇവര്‍ സൗഹൃദത്തിലായതെന്നാണ് വിവരം.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങള്‍, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം തിരച്ചിലില്‍ വന്നിട്ടുണ്ട്.

ദേവി പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങള്‍ കൂടുതലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തില്‍നിന്നു രക്തം വാര്‍ന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടില്‍ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

ദുര്‍മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവര്‍ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളില്‍നിന്ന് പോലീസില്‍ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിര്‍വാണമാണ് ഇവര്‍ തിരഞ്ഞിരുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവര്‍ഷമായി ആരോടും സംസാരിക്കാതെ നവീന്‍ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകള്‍ പോലീസിനു നല്‍കിയത്.

സ്വകാര്യ സ്‌കൂളില്‍ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജര്‍മനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്. വിദേശഭാഷകള്‍ പഠിപ്പിച്ചിരുന്ന ഇവര്‍ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.

ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂള്‍ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തില്‍ ഇവര്‍ക്കു തമ്മില്‍ വേര്‍പിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.