മാരീസ് കോൺടേ / ഫോട്ടോ: എഎഫ്പി

ഫ്രഞ്ച് നോവലിസ്റ്റും നിരൂപകയും നാടകകൃത്തുമായിരുന്ന മരീസ് കോണ്‍ട്‌ അന്തരിച്ചു. തൊണ്ണൂറുവയസ്സായിരുന്നു. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ കരീബിയന്‍ അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും തിക്ത കഥകള്‍ പറഞ്ഞ മരീസ് കോണ്‍ട്‌ തന്റെ സേഗോ (segou) എന്ന നോവലിലൂടെയാണ് വിഖ്യാതയായത്. ഫ്രഞ്ചില്‍ എഴുതുകയും അനവധി ഭാഷകളിലേക്ക് വിവര്‍ത്തനം നിര്‍വഹിക്കുകയും ചെയ്ത നോവലുകള്‍ മികച്ച സാഹിത്യസൃഷ്ടിക്കുള്ള അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നൊബേല്‍ സമ്മാനത്തിന്റെ പകരക്കാരനെന്നറിയപ്പെടുന്ന ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ നേടിയ ആദ്യത്തെ എഴുത്തുകാരിയാണ്.

കരീബിയന്‍ കടലിലെ ഫ്രഞ്ച് ദ്വീപായ ഗ്വാഡലൂപില്‍ 1934-ലാണ് മരീസ് കോണ്‍ട്‌ ജനിച്ചത്. ഗ്വാഡലൂപ്പിലെ ആദ്യത്തെ അധ്യാപകരായ ഴാന്‍ ക്വിഡലിന്റെയും അഗസ്‌റ്റേ ബൗകോളിന്റെയും എട്ടുമക്കളില്‍ ഏറ്റവും ഇളയതായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ തന്റെ അമ്മയുടെ പിറന്നാള്‍ സമ്മാനമായി ഏകാങ്കനാടകം എഴുതിക്കൊണ്ടാണ് എഴുത്തിലേക്ക് വരുന്നത്. കുട്ടിയായിരിക്കുമ്പോള്‍ എമിലി ബ്രോണ്ടിയുടെ ‘വതറിങ് ഹൈറ്റ്‌സ്’ എന്ന നോവല്‍ വായിച്ച് ആകൃഷ്ടയായ മരീസ് കോണ്‍ട്‌ ഭാവിയില്‍ താന്‍ ആരുമായിത്തീര്‍ന്നില്ലെങ്കിലും എഴുത്തുകാരിയാവാതിരിക്കില്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു.

താന്‍ ലോകത്തിലെ ഏറ്റവും മനോഹരിയും ബുദ്ധിമതിയുമായ പെണ്‍കുട്ടിയാണെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട് വര്‍ണവിചേനത്തെ തരണം ചെയ്ത ജീവിതാനുഭവങ്ങള്‍ മാധ്യമങ്ങളുമായി അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി പഠിക്കാന്‍ ചെന്നപ്പോഴാണ് ആളുകള്‍ എത്രകണ്ട് മുന്‍വിധി വെച്ചുപുലര്‍ത്തുന്നവരാണെന്നും കുട്ടികളുടെ നിറം നോക്കി അവര്‍ ഒന്നിനും കൊള്ളില്ലെന്ന് വിധിക്കുന്ന പ്രവണത കണ്ടതെന്നും മരീസ് കോണ്‍ട്‌ പറഞ്ഞത് ലോകസാഹിത്യത്തില്‍ തന്റേതായ സിംഹാസനം സ്ഥാപിച്ചതിനുശേഷമായിരുന്നു. ”ഞാന്‍ കറുത്തതായിരുന്നതിനാല്‍ താണയിനത്തില്‍പ്പെട്ടയാളാണെന്ന് ആളുകള്‍ കരുതി. ഞാന്‍ കഴിവുള്ളവളാണെന്നും എന്റെ തൊലിനിറമല്ല പ്രശ്‌നമെന്നും എല്ലാവര്‍ക്കുമുമ്പില്‍ തെളിയിക്കേണ്ടിയിരുന്നു. അതില്‍ ഞാന്‍ വിജയിച്ചു.” 2020-ല്‍ ദ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഫ്രാന്‍സ് ലിജ്യന്‍ ഓണര്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ദ ഗോസ്പല്‍ എക്കോഡിങ് റ്റു ദ ന്യൂ വേള്‍ഡ് ആണ് അവസാനം എഴുതിയ നോവല്‍.