മോഹൻലാലിനൊപ്പം വിനോദ് കണ്ണൻ, വിനോദ് കണ്ണൻ

കൊച്ചി: “എനിക്കിനി ആരുണ്ടെടാ… ഇതിനാണോ മോനേ നീ പുതിയ വീടുപണിത് അമ്മയ്ക്ക് തന്നത്…” ലളിതയുടെ നിലവിളി കണ്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്നിലെ വീട്ടിൽ വൈകിയാണ് വാർത്ത അറിയിച്ചത്. മകന്റെ ദുരന്തവാർത്ത അമ്മയിൽ നിന്ന്‌ പരിസരവാസികൾ മറച്ചുവെച്ചു. രാത്രിയോടെ സഹോദരി സന്ധ്യ എത്തിയപ്പോഴാണ് അമ്മയെ വിവരമറിയിച്ചത്.

ജനുവരി 28-നായിരുന്നു പുതിയ വീടിന്റെ പാലുകാച്ചൽ. ഫെബ്രുവരി നാലിന് അമ്മയ്ക്കൊപ്പം താമസം തുടങ്ങി. പുതിയ വീട്ടിൽ താമസം തുടങ്ങി രണ്ടുമാസമേ ആയിട്ടുള്ളൂവെങ്കിലും മഞ്ഞുമ്മൽ നിവാസികൾക്ക് പരിചിതനാണ് വിനോദ്. ചൊവ്വാഴ്ച ഉച്ചവരെ അമ്മയോടൊപ്പം കഴിഞ്ഞ് മൂന്നരയോടെയാണ് ജോലിക്കായി പുറപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതൽ എറണാകുളത്താണ് താമസം. പുതിയ വീട്ടിലേക്ക് മാറും മുൻപ്‌ എളമക്കര പോണേക്കരയിൽ സഹോദരി സന്ധ്യയുടെ വീടിനു സമീപം അമ്മയ്ക്കൊപ്പം വാടകയ്ക്കായിരുന്നു താമസം. ഏറെ ആഗ്രഹിച്ചാണ് പുതിയ വീട് പണിതത്. തന്റെ വീടിന് ഇതുവരെ വിനോദ് പേരിട്ടിട്ടില്ല.

നാല്പതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റർ, വില്ലാളിവീരൻ, പുലിമുരുകൻ, ഒപ്പം, വിക്രമാദിത്യൻ, ഹൗ ഓൾഡ് ആർ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

പിഴയടയ്ക്കാൻ പറഞ്ഞതിലുള്ള തർക്കമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പ്രതി

പാലക്കാട്: റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത രണജിത്ത്. പ്രതിയെ തൃശ്ശൂരിലേക്ക് മാറ്റുന്നതിനായി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതികരണം. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു.

അമ്മ ലളിതയ്ക്കൊപ്പം വിനോദ്

രാത്രി 8.30-നാണ് രജനീകാന്ത രണജിത്തിനെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുന്നത്. സീറ്റിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച പ്രതിയെ നേരിയ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരുചോദിച്ചെങ്കിലും മദ്യലഹരിയിൽ വ്യക്തമല്ലാത്ത മറുപടിയാണ് പറഞ്ഞത്. ഇതിനിടെ, പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് തിരിച്ചറിയൽകാർഡ് കണ്ടെടുത്തു. വർഷങ്ങൾക്കുമുമ്പ് തീപ്പൊള്ളലേറ്റ് കാലിലെ പേശികൾ ചുരുങ്ങിയതിനാൽ പ്രതി നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പ് ഇരുചക്രവാഹനമിടിച്ച് രണ്ടാമത്തെ കാലിനും പരിക്കുണ്ട്. മദ്യലഹരിയിലായിരുന്നതിനാൽ ഇയാളെ താങ്ങിപ്പിടിച്ചാണ് നടത്തിക്കൊണ്ടുപോയത്.

എതാനും വർഷങ്ങൾക്കുമുമ്പാണ് താൻ തൃശ്ശൂരിലെത്തിയതെന്നും കുന്നംകുളത്ത് ഹോട്ടലിൽ ശുചീകരണത്തൊഴിലാളിയായി പണിചെയ്യുകയാണെന്നുമാണ് രജനീകാന്ത പോലീസിനോട് പറഞ്ഞത്. സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി രാത്രി 10.15-ഓടെ ഇയാളെ വൈദ്യപരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 11.15-നാണ് പ്രതിയുമായി പോലീസ് തൃശ്ശൂരിലേക്ക് തിരിച്ചത്.

ടി.ടി.ഇ.യെ തള്ളിയിടുന്നത് ഒഡിഷ സ്വദേശികളായ രണ്ടുപേരാണ് നേരിൽ കണ്ടതെന്നാണ് വിവരം. എന്നാൽ, ഇവർക്ക് കുറ്റകൃത്യം തടയാനുള്ള സമയം കിട്ടിയിരുന്നില്ല. ഇവരുടെ മൊഴി പാലക്കാട് റെയിൽവേ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്നും അറിയിച്ചാണ് ഇവരെ ഇതേ തീവണ്ടിയിൽ പറഞ്ഞുവിട്ടത്.

പ്രതിയായ രജനീകാന്തയെ കസ്റ്റഡിയിലെടുത്തപ്പോൾ

ടി.ടി.ഇ.യെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നു

തൃശ്ശൂർ: മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം വെളപ്പായയിൽ അതിഥിതൊഴിലാളി ടി.ടി.ഇ.യെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ് കണ്ണൻ (48) ആണ് മരിച്ചത്. പ്രതിയായ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത രണജിത്ത് (40) പാലക്കാട് റെയിൽവേ പോലീസിന്റെ പിടിയിലായി. ഇയാളെ രാത്രി വൈകി തൃശ്ശൂർ റെയിൽവേ പോലീസിന് കൈമാറി.

കുന്നംകുളത്ത് ഹോട്ടൽത്തൊഴിലാളിയായ രജനീകാന്ത തൃശ്ശൂരിൽനിന്നാണ് ട്രെയിനിൽ കയറിയത്. 22643-എറണാകുളം-പട്ന സൂപ്പർ ഫാസ്റ്റിൽ എസ്-11 കോച്ചിൽ രാത്രി ഏഴോടെയാണ് സംഭവം. ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതി ടി.ടി.ഇ.യെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം അറിയാതെ ട്രെയിൻ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതനുസരിച്ച് മറ്റ് ടി.ടി.ഇ.മാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട്ട് റെയിൽവേ പോലീസ് ഇയാളെ പിടികൂടി. സംഭവശേഷം ഇയാൾ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.

മോഹൻലാലിനൊപ്പം വിനോദ് കണ്ണൻ

ഈ വണ്ടിയിലെ റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ ചില അതിഥിതൊഴിലാളികൾ യാത്രചെയ്തിരുന്നു. പ്രതിക്ക് ജനറൽ ടിക്കറ്റാണുണ്ടായിരുന്നത്. ഇത് ചോദ്യംചെയ്തതാണ് തർക്കത്തിന് കാരണം. തർക്കത്തിനുശേഷം വാതിലിനടുത്തുനിന്ന് ഫോൺ ചെയ്യുന്നതിനിടെ ഇയാൾ വിനോദിനെ പുറത്തേക്ക് തള്ളുകയായിരുന്നു. 5.20-ന് എറണാകുളത്തുനിന്നു പുറപ്പെട്ട വണ്ടി 6.41-ന് തൃശ്ശൂർ സ്റ്റേഷനിലെത്തി 6.47-നാണ് അവിടെനിന്ന് പുറപ്പെട്ടത്.

എറണാകുളം മുതൽ ഈറോഡ് വരെയായിരുന്നു വിനോദിന്റെ ഡ്യൂട്ടി. വാതിലിനു സമീപത്തുവെച്ചാണ് തർക്കമുണ്ടായത്. അടുത്ത പാതയിലൂടെ വന്ന, പാലക്കാട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ട്രെയിൻ വിനോദിന്റെ ശരീരത്തിൽ കയറിയതായും സംശയിക്കുന്നുണ്ട്. നൂറുമീറ്റർ പരിധിയിലെങ്കിലും ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയിട്ടുണ്ട്. ഡീസൽ ലോക്കോ ടെക്നീഷ്യനായിരുന്ന വിനോദ് കണ്ണൻ രണ്ടുവർഷംമുമ്പാണ് ടി.ടി.ഇ. ആയത്. കൊച്ചി എളമക്കരയിലെ ഫ്ലാറ്റിൽ അമ്മ ലളിതയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അച്ഛൻ:വേണുഗോപാലൻ നായർ. രണ്ടുമാസംമുമ്പാണ് മഞ്ഞുമ്മലിലേക്കു മാറിയത്. നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമ, സൗഹൃദം… വിനോദ് കണ്ണൻ

കൊച്ചി: സിനിമയെ ജീവനേക്കാൾ സ്നേഹിച്ച കലാകാരനായിരുന്നു ചൊവ്വാഴ്ച തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥൻ വിനോദ് കണ്ണൻ. നാടകരംഗത്തും മിമിക്രി മേഖലയിലും കഴിവുതെളിയിച്ചാണ് വിനോദ് സിനിമയിലേക്കെത്തിയത്. അടുത്ത സുഹൃത്തായ ആഷിക് അബുവാണ് അതിന് വഴിയൊരുക്കിയതും. ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റർ എന്ന മമ്മൂട്ടി സിനിമയിലെ ഗുണ്ടാവേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തുടർന്ന് നിരവധി സിനിമകൾ വിനോദിനെ തേടിയെത്തി. സിനിമയിൽ ധാരാളം സുഹൃത്തുക്കളും അദ്ദേഹത്തിനുണ്ടായി. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മ@യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, ലൗ 24X7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം തുടങ്ങി നാല്പതോളം സിനിമകളിൽ വിനോദ് അഭിനയിച്ചു. ചെയ്തത് ഏറെയും വില്ലൻ വേഷങ്ങളായിരുന്നു. ഇടയ്ക്ക് ചില സിനിമകളിൽ പോലീസ് വേഷവും ചെയ്തു.

വേഷം ചെറുതാണെങ്കിലും വലുതാണെങ്കിലും അഭിനയിക്കാൻ വിനോദ് തയ്യാറായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും സിനിമയ്ക്കും സൗഹൃദങ്ങൾക്കുമായി വിനോദ് സമയം നീക്കിവെച്ചു.