പ്രതീകാത്മക ചിത്രം | Photo: Force Motors
നിലവിലെ ഗൂര്‍ഖയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഫൈവ് ഡോര്‍ ഗൂര്‍ഖ അവതരിപ്പിക്കുക.
ഇന്ത്യന്‍ വാഹന വിപണിലെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. ശ്രേണിയില്‍ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന വാഹനങ്ങളാണ് മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂര്‍ഖയും. ഓഫ് റോഡ് കരുത്ത്, കാഴ്ചയിലെ മസ്‌കുലര്‍ ഭാവം, മൂന്ന് ഡോര്‍ തുടങ്ങി നിരവധി സമാനതകളുള്ള വാഹനങ്ങളുമാണ് ഇവ രണ്ടും. മൂന്ന് ഡോര്‍ തുടങ്ങി നിരവധി സമാനതകളുള്ള വാഹനങ്ങളുമാണ് ഇവ രണ്ടും. മൂന്ന് ഡോര്‍ മോഡലില്‍ നിന്ന് അഞ്ച് ഡോറിലേക്കുള്ള വളര്‍ച്ച മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ തന്നെ ഗൂര്‍ഖയുടെയും അഞ്ച് ഡോര്‍ മോഡല്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫോഴ്‌സ്.
ആദ്യം അഞ്ച് ഡോര്‍ മോഡല്‍ പ്രഖ്യാപിച്ചത് മഹീന്ദ്രയാണെന്നാണ് സൂചന. എന്നാല്‍, ആദ്യം നിരത്തുകളില്‍ എത്തുന്നത് അഞ്ച് ഡോര്‍ ഗൂര്‍ഖയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 15-നാണ് ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ എത്തുന്നതെങ്കില്‍ മെയ് മാസത്തോടെ തന്നെ ഗൂര്‍ഖയുടെ അഞ്ച് ഡോര്‍ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ഡോറുമായി എത്തുന്ന ഗൂര്‍ഖയുടെ ടീസര്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിലവിലെ ഗൂര്‍ഖയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഫൈവ് ഡോര്‍ ഗൂര്‍ഖ അവതരിപ്പിക്കുക. മൂന്നാം നിര സീറ്റുകള്‍ നല്‍കുന്നതിനാല്‍ ഏകദേശം 400 എം.എം. അധിക നീളവും പുതിയ മോഡലില്‍ നല്‍കും. വീതിയിലും കാര്യമായ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഉയര്‍ന്ന വേരിയന്റില്‍ 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും താഴ്ന്ന വകഭേദങ്ങളില്‍ വലിപ്പം കുറഞ്ഞ സ്റ്റീല്‍ വീലുകളുമായിരിക്കും നല്‍കുകയെന്നാണ് വിവരം.
മൂന്ന് രീതിയിലുള്ള സീറ്റിങ്ങ് ഓപ്ഷനുകളിലാണ് ഗൂര്‍ഖയുടെ അഞ്ച് ഡോര്‍ പതിപ്പ് ഫോഴ്സ് വിപണിയില്‍ എത്തിക്കുന്നത്. ആറ് സീറ്റ്, ഏഴ് സീറ്റ്, ഒമ്പത് സീറ്റ് എന്നിവയായിരിക്കുമിത്. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കുമ്പോള്‍, ഒമ്പത് സീറ്റര്‍ പതിപ്പില്‍ ഏറ്റവും പിന്‍നിരയില്‍ ഡബിള്‍ ജംപ് സൈഡ് ഫെയ്സിങ്ങ് സീറ്റുകളായിരിക്കും ഒരുങ്ങുക. അകത്തളത്തിലെ മറ്റ് ഫീച്ചറുകളും ഡിസൈനുകളും നിലവിലെ ഗൂര്‍ഖയുമായി പങ്കിട്ടായിരിക്കും എത്തുകയെന്നാണ് വിലയിരുത്തല്‍.
എക്സ്റ്റീരിയറിലെ ഡിസൈനുകളില്‍ ഭൂരിഭാഗവും ത്രീ ഡോര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയായിരിക്കും. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റും നല്‍കിയാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബമ്പര്‍, ചെറിയ ഫോഗ്ലാമ്പുകളും നല്‍കിയാണ് മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ബോണറ്റില്‍ നിന്ന് നീളുന്ന സ്‌നോര്‍ക്കലാണ് മുന്‍വശത്തിന് മസ്‌കുലര്‍ ഭാവം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ ത്രീ ഡോര്‍ മോഡലുമായി പങ്കിടുന്നുണ്ട്. 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഫൈവ് ഡോര്‍ ഗൂര്‍ഖയുടെയും ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായായിരിക്കും ഈ വാഹനവും വിപണിയില്‍ എത്തുക. നിലവിലെ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപ അധിക വിലയിലായിരിക്കും ഈ വാഹനം എത്തുകയെന്നുമാണ് വിലയിരുത്തല്‍.
