Photo | twitter.com/Satya_Prakash08
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. തിരക്കു പിടിച്ച ക്രിക്കറ്റ് കലണ്ടറുകള്‍ക്കിടയില്‍ ടി20 ചാമ്പ്യന്‍സ് ലീഗിന് സമയം കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്ന് ക്രിക്കറ്റ് വിക്ടോറിയ സി.ഇ.ഒ. നിക്ക് കമ്മിന്‍സ് പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബി.സി.സി.ഐ.യും ടി20 ചാമ്പ്യന്‍സ് ലീഗ് സംബന്ധിച്ച് ചൊവ്വാഴ്ച മുംബൈയില്‍വെച്ച് ചര്‍ച്ച നടത്തിയതായി കമ്മിന്‍സ് വ്യക്തമാക്കി. 2009 മുതല്‍ 2014 വരെയുള്ള ആറ് വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് നടന്നത്. നാല് തവണ ഇന്ത്യയിലും രണ്ട് തവണ ദക്ഷിണാഫ്രിക്കയിലും വെച്ചാണ് ടൂര്‍ണമെന്റ് നടന്നത്.
പത്ത് വര്‍ഷം മുന്‍പാണ് അവസാനമായി ടി20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് നടന്നത്. 2014-ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ചാമ്പ്യന്മാര്‍. ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ച് കിരീടം ചൂടി. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്ന് ടീമുകള്‍ പങ്കെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു തവണ വീതം മുംബൈയും ചെന്നൈയും ചാമ്പ്യന്മാരായി. ന്യൂ സൗത്ത് വെയില്‍സും സിഡ്‌നി സിക്‌സേഴ്‌സും ഓരോ തവണയും കിരീടം നേടി.
