ആര്യൻ ഖാൻ/ ലാറിസ ബോനെസി | Photo: instagram/ aryan khan/ larissa bonesi

ബോളിവുഡിലെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. മയക്കുമരുന്ന് കേസില്‍ ആര്യൻ അറസ്റ്റിലായതും പിന്നീട് കുറ്റവിമുക്തനായതുമെല്ലാം വാര്‍ത്തയായിരുന്നു. പിന്നാലെ ഒരു ഫാഷന്‍ ബ്രാന്‍ഡും താരപുത്രന്‍ തുടങ്ങിയിരുന്നു. ഇതിന്റെ പരസ്യത്തില്‍ ഷാരൂഖും സുഹാന ഖാനുമാണ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ആര്യന്റെ പുതിയ പ്രണയമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബ്രസീലുകാരിയായ ബോളിവുഡ് നടി ലാറിസ ബോനെസിയുമായി ആര്യന്‍ പ്രണയത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് റെഡ്ഡിറ്റില്‍ ഒരു വീഡിയോ സഹിതം പ്രചരിച്ച പോസ്റ്റാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.

‘ആര്യന്‍ ഖാനും ലാറിസ ബോനെസിയും ഒന്നിച്ച് സമയം ചെലവഴിക്കുന്ന ഒരു വീഡിയോ അടുത്തിടെ കാണാനിടയായി. ആര്യനൊപ്പമുള്ള നടിയുടെ വിവരങ്ങള്‍ അറിയാന്‍ അവരെ സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞു. ആര്യന്‍ ഖാന്‍ ലാറിസയുടെ കുടുംബാംഗങ്ങളെ മുഴുവന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതായി മനസിലായി. ലാറിസയും ഷാരൂഖ് ഖാനേയും ഗൗരി ഖാനേയും ഫോളോ ചെയ്യുന്നുണ്ട്.’ റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. അതു മാത്രമല്ല, ലാറിസയുടെ അമ്മയുടെ പിറന്നാളിന് ആര്യന്‍ ഖാന്‍ സമ്മാനം അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വെളിപ്പെടുത്തി ലാറിസ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പങ്കുവെച്ചിരുന്നു.

ആര്യനും ലാറിസയും തമ്മില്‍ ഏഴു വയസിന്റെ വ്യത്യാസമുണ്ട്. ആര്യന്റെ ഫാഷന്‍ ബ്രാന്‍ഡിന്റെ കാമ്പെയ്‌നിലും ലാറിസ പങ്കാളിയായിരുന്നു. ദേസി ബോയ്‌സ്, ഗോ ഗോവ ഗോണ്‍, നെക്സ്റ്റ് എന്‍ട്രി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അവര്‍ അഭിനയിച്ചുണ്ട്. ചില തെലുങ്ക് സിനിമകളുടേയും ഭാഗമായിട്ടുണ്ട്.