Photo | PTI
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 3,000 റണ്‍സ് തികയ്ക്കുന്ന എട്ടാമത്തെ വിദേശതാരമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ലഖ്‌നൗവിനുവേണ്ടി ഇറങ്ങിയ ഡി കോക്ക്, 36 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചുറി കുറിച്ചു. ബെംഗളൂരുവിനെതിരേ നടന്ന മത്സരത്തില്‍ 56 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്‌സാണിത്.
ഐ.പി.എലില്‍ 3,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാവാനും ഡി കോക്കിന് കഴിഞ്ഞു. ബെംഗളൂരു മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്, നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് ഡി കോക്കിന് മുന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഐ.പി.എലില്‍ 22-ാമത്തെ അര്‍ധ സെഞ്ചുറിയാണ് ഡി കോക്ക് ബെംഗളൂരുവിനെതിരേ നേടിയത്.
ഐ.പി.എലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിദേശ താരം ഡേവിഡ് വാര്‍ണറാണ്. 6754 റണ്‍സാണ് വാര്‍ണര്‍ നേടിയത്. എ ബി ഡിവില്ലിയേഴ്‌സ് 5162 റണ്‍സുമായി രണ്ടാമത്. ക്രിസ് ഗെയ്ല്‍-4965 റണ്‍സ്, ഫാഫ് ഡു പ്ലെസിസ്-4179 റണ്‍സ്, ഷെയ്ന്‍ വാട്‌സണ്‍-3874 റണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ്-3412 റണ്‍സ്, ജോസ് ബട്‌ലര്‍-3258 റണ്‍സ് എന്നിവരാണ് ഡി കോക്കിന് മുന്‍പിലുള്ളത്.
