യുദ്ധഭൂമിയിൽ നിന്ന് തിരികെയെത്തിയ പ്രിൻസ് അമ്മയ്ക്കൊപ്പം

കാണുന്ന സ്ഥലത്ത് മുഴുവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടന്നു. അത്രയ്ക്ക് ഭീകരമായിരുന്നു സാഹചര്യങ്ങൾ.

തിരുവനന്തപുരം: യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിപ്പെടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ്. 23 ദിവസം മാത്രം പരിശീലനം നൽകി നേരെ യുദ്ധമുഖത്തേക്ക് അയച്ചു. കാണുന്ന സ്ഥലത്ത് മുഴുവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടന്നു. അത്രയ്ക്ക് ഭീകരമായിരുന്നു സാഹചര്യങ്ങൾ. തനിക്കൊപ്പമെത്തിയ ടിനു, വിനീത് എന്നിവരെ അവസാനമായി കണ്ടത് മാസങ്ങൾക്ക് മുമ്പാണെന്നും പ്രിൻസ് പറയുന്നു.

തിരുവനന്തപുരം അഞ്ചുതെങ്ങില്‍നിന്ന് റഷ്യയിലെത്തി ചതിയില്‍പ്പെട്ട മൂന്നു യുവാക്കളില്‍ ഒരാളായ പ്രിന്‍സ് തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

‘യുദ്ധത്തിൽ പരിക്കേറ്റപ്പോഴാണ് ഒരുമാസം അവധി ലഭിച്ചത്. കമാൻഡറിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അവധി കിട്ടുകയുള്ളൂ. ഇതിനായി യുദ്ധസ്ഥലത്ത് വീണ്ടുമെത്തിയപ്പോളാണ് ടിനുവിനെ അവസാനമായി കണ്ടത്. 10 ദിവസം ടിനുവിനൊപ്പമുണ്ടായിരുന്നുവെന്നും ഇവിടെ നിന്ന് മോസ്‌കോയിലേക്ക് മടങ്ങി’ പ്രിൻസ് പറഞ്ഞു.

പ്രിന്‍സിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങള്‍

സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞായിരുന്നു പ്രിൻസുൾപ്പെടെയുള്ളവരെ കൊണ്ടുപോയത്. അലക്‌സ് എന്നയാളാണ് എല്ലാം കാര്യങ്ങളും ചെയ്തത്. ക്യാമ്പിലെത്തിയപ്പോളാണ് പട്ടാളത്തിലേക്ക് ചേർക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. എന്നാൽ അപ്പോഴേക്കും അവർ പാസ്‌പോർട്ട് അടക്കം വാങ്ങിവെച്ചിരുന്നു.

യുദ്ധത്തിനിടെ രണ്ട് തവണ പരിക്കേറ്റു. മുഖത്തിന് സമീപം വെടിയേൽക്കുകയും ഡ്രോൺ ആക്രമണത്തിൽ കാലിന് പരിക്കേൽക്കുകയും ചെയ്തു. വിനീതും ടിനുവും ഏകദേശം അടുത്തടുത്ത സ്ഥലങ്ങളിലുണ്ട്. രണ്ടുപേരും 24 മണിക്കൂറും യുദ്ധം നടക്കുന്ന മേഖലയിലാണെന്നും എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്നും പ്രിൻസ് പറയുന്നു.

ഇന്ത്യയിൽ നിന്ന് ഒരുപാട് ആളുകൾ ഇപ്പോഴും യുദ്ധഭൂമിയിലുണ്ട്. അലക്‌സ് എന്നയാളാണ് ഇവരെയെല്ലാം ചതിച്ചത്. എകെ-47, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാനും രാത്രിയിലും പകലും ആയുധം ഉപയോഗിക്കാനുമുള്ള പരിശീലനം അവിടെ എത്തിയവർക്ക് നൽകുന്നുണ്ടെന്നാണ് പ്രിൻസ് പറയുന്നത്.

വിനീത്, ടിനു, പ്രിൻസ്

റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് യുക്രൈനെതിരായ യുദ്ധത്തിൽ കൂലിപ്പട്ടാളക്കാരായി മാറിയ മലയാളികളിലൊരാളാണ് പ്രിൻസ്. ഇയാളുൾപ്പെടെ മൂന്ന് പേരാണ് റഷ്യയിൽ കുടുങ്ങിയത്. യുദ്ധത്തിൽ പരിക്കേറ്റ പ്രിൻസിനെ പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിക്കുകയായിരുന്നു. ഇതിനൊപ്പം പാറശ്ശാല സ്വദേശിയായ ഡേവിഡ് മുത്തപ്പനെയും വിദേശകാര്യമന്ത്രാലയം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് വിവരം. മറ്റുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയം തുടരുന്നുണ്ട്.