കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച ഹൈഡ്രജൻ കാറിൽ പാർലമെന്റിൽ വന്നിറങ്ങുന്നു
ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ
ഇന്ത്യയെ പെട്രോള്‍, ഡീസല്‍ കാര്‍മുക്തമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ 36 കോടിയിലധികംവരുന്ന പെട്രോള്‍, ഡീസല്‍ കാറുകളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അസാധ്യമല്ല.
നിശ്ചിതസമയപരിധിക്കുള്ളില്‍ ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെങ്കിലും അതിനായി ശ്രമിക്കുകതന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു. ഇന്ധന ഇറക്കുമതിക്ക് രാജ്യം 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നത്. ഈ പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാനാകണമെന്നും ഗഡ്കരി പറഞ്ഞു.
ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്കു-സേവന നികുതി അഞ്ചുശതമാനമായും ഫ്‌ളെക്‌സ് എന്‍ജിനുകളുടേത് 12 ശതമാനമായും കുറയ്ക്കാനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇലക്ട്രിക്, സി.എന്‍.ജി. തുടങ്ങിയ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ഇതിനുമുന്‍പും നിതിന്‍ ഗഡ്കരി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിനകം വൈദ്യുതവാഹനങ്ങളുടെ വില പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്‍പി രാജ്യസഭയില്‍ അറിയിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഫ്‌ളെക്‌സ് ഫ്യുവല്‍ പോലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തിരുന്നു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകള്‍ ഒഴിവാക്കുന്നതിനും അതുവഴിയുള്ള മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
