പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് പരാതി നൽകി. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതായും സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സ്പോർട്സ് ഫ്രെറ്റേണിറ്റി കൂട്ടായ്മ സംഘടിപ്പിച്ച കായികസംവാദം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു റിയാസ്. പ്രസംഗത്തിനിടെ, അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതി.
അതേസമയം, മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം സ്റ്റേജിൽനിന്ന് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വേദിയിൽനിന്ന് എഴുന്നേറ്റ കരീം വീഡിയോഗ്രാഫറുടെ അടുത്തുചെന്ന് എന്തോ ചോദിക്കുന്നതും പിന്നീട് അദ്ദേഹത്തെ സ്റ്റേജിനുപിന്നിലേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
