മുഫീദ് വിഎച്ച്

മാര്‍ച്ച് 13 നാണ് ലോകത്തിലെ ആദ്യ എഐ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ‘ഡെവിന്‍’ അവതരിപ്പിക്കപ്പെട്ടത്. യുഎസ് കമ്പനിയായ കൊഗ്നിഷനാണ് ഇതിന്റെ സ്രഷ്ടാക്കള്‍. സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് ജോലികള്‍ സുഗമമാക്കാന്‍ എഞ്ചിനീയര്‍മാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെവിന്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഡെവിന്‍ എഐയുടെ ഒരു ഓപ്പണ്‍ സോഴ്‌സ് ഇന്ത്യന്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മലയാളിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മുഫീദ് വിഎച്ച്. ‘ദേവിക’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഇതിനകം ഓപ്പണ്‍ സോഴ്‌സ് കൂട്ടായ്മകളിലും സോഫ്റ്റ് വെയര്‍ രംഗത്തും വൈറലായിക്കഴിഞ്ഞു.

ലിമിനല്‍ എന്ന സൈബര്‍ സുരക്ഷാ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്ഥാപകനും സ്റ്റിഷന്‍ എഐയുടെ സഹസ്ഥാപകനുമാണ് തൃശൂര്‍ ചാവക്കാട് എടക്കര സ്വദേശിയായ മുഫീദ്.

മനുഷ്യരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും റിസര്‍ച്ച് നടത്താനും സ്വയം കോഡുകള്‍ എഴുതാനുമെല്ലാം ദേവികയ്ക്ക് സാധിക്കും. ഡെവലപ്പര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബില്‍ ദേവിക ശ്രദ്ധനേടിക്കഴിഞ്ഞു.

ഡെവിന്‍ എഐ അവതരിപ്പിക്കപ്പെട്ടതിന് ശേഷം മുഫീദ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച് ഒരു പോസ്റ്റാണ് ദേവിക യുടെ നിര്‍മാണത്തിലേക്ക് നയിച്ചത്. ആരാണ് ദേവിക എന്ന ആദ്യ ഓപ്പണ്‍ സോഴ്‌സ് എഐ എഞ്ചിനീയറെ വികസിപ്പിക്കുക? എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് മുഫീദ് പങ്കുവെച്ചത്. ഡെവിന്‍ എഐയുടെ ഇന്ത്യന്‍ പതിപ്പിന്റെ പേര് എന്തായിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ്, ദേവിക എന്ന പേര് ലഭിച്ചതെന്നും തമാശയ്ക്കാണ് ആ പോസ്റ്റ് പങ്കുവെച്ചതെന്നും മുഫീദ് ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. എന്നാല്‍ വെറും തമാശയെന്നോണം പങ്കുവെച്ച ആ പോസ്റ്റ് നിരവധിയാളുകള്‍ ശ്രദ്ധിക്കുകയും അവരില്‍ പലരും മുഫീദിന് സന്ദേശം അയക്കുകയും ചെയ്തു.

ഇതോടെ ഇന്ത്യയില്‍ ഒരു ഓപ്പണ്‍ സോഴ്‌സ് എഐ എഞ്ചിനീയറുടെ ആവശ്യകത ഉണ്ടെന്ന് തിരിച്ചറിയുകയും ദേവിക എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ വികസിപ്പിക്കാന്‍ മുഫീദ് സ്വയം തയ്യാറെടുക്കുകയുമായിരുന്നു. മാര്‍ച്ച് 13 നാണ് കൊഗ്നിഷന്‍ ഡെവിന്‍ അവതരിപ്പിച്ചത്. 14 നാണ് മുഫീദ് ദേവീകയെ കുറിച്ചുള്ള ആദ്യ പോസ്റ്റ് പങ്കുവെച്ചത്. ശേഷം മൂന്ന് ദിവസങ്ങളിലായി 20 മണിക്കൂര്‍ നേരം മാത്രം ചെലവിട്ടാണ് മുഫീദ് ദേവികയെ തയ്യാറാക്കിയത്. ഇത് ഓപ്പണ്‍ സോഴ്‌സ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു.

പലപ്പോഴും സുപ്രധാനമായ ഇത്തരം സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുമ്പോള്‍ അത് കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കുമാണ് ആദ്യം ഉപയോഗിക്കാന്‍ അവസരം ലഭിക്കാറ്. എന്തുകൊണ്ട് അത് താഴെ തട്ടിലുള്ള സാധാരണ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിച്ചുകൂടാ എന്നൊരു ചിന്തയും ദേവിക എന്ന ഓപ്പണ്‍ സോഴ്‌സ് എഐ എഞ്ചിനീയറുടെ നിര്‍മാണത്തില്‍ പ്രചോദനമായെന്ന് മുഫീദ് പറഞ്ഞു.

ദേവിക ഓപ്പണ്‍ സോഴ്‌സ് ആവുമ്പോള്‍

പ്രത്യേകം ക്ഷണിച്ച തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കിടയിലാണ് ഡെവിന്‍ എഐ ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം, ഓപ്പണ്‍ സോഴ്‌സായ ദേവികയാകട്ടെ പൂര്‍ണമായും സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് മുഫീദ്. ക്ലോഡ് 3 അധിഷ്ടിതമായ ദേവിക ജിപിടി 4 ഉള്‍പ്പടെ മറ്റ് ലാംഗ്വേജ് മോഡലുകളെയും പിന്തുണയ്ക്കിമെന്ന് മുഫീദ് പറഞ്ഞു.

ആര്‍ക്ക് വേണമെങ്കിലും ദേവികയുടെ കോഡുകള്‍ അവരുടെ താല്‍പര്യാനുസരണം ഉപയോഗിക്കാനും പുതിയ ഉല്പന്നങ്ങള്‍ നിര്‍മിക്കാനും അത് വിപണനം ചെയ്യാനും അനുവാദമുണ്ട്. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ നിരവധി ആളുകള്‍ ഇതിനകം ദേവികയ്ക്ക് വേണ്ടിയുള്ള സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അത് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഫീദ് പറഞ്ഞു.

ഡേവിനേക്കാള്‍ മികച്ചതാണ് ദേവിക എന്ന് മുഫീദ് അവകാശപ്പെടുന്നില്ല. ഡെവിന് പകരമായി ഉപയോഗിക്കാവുന്ന ഓപ്പണ്‍സോഴ്‌സ് ഓപ്ഷന്‍ എന്ന നിലയിലാണ് ഡെവിനും ദേവികയും തമ്മിലുള്ള മത്സരം എന്ന് അദ്ദേഹം പറയുന്നു.

വിശകലന ശേഷിയില്‍ നിലവില്‍ ദേവികയേക്കാള്‍ ഒരു പടി മുന്നിലാണ് ഡെവിന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിറ്റ്ഹബ്ബില്‍ വരുന്ന സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള ലാര്‍ജ് ലാഗ്വേജ് മോഡലുകളുടെ ശേഷി പരിശോധിക്കുന്ന എസ്ഡബ്ല്യുഇ ബെഞ്ച്മാര്‍ക്കില്‍ 13.86 ശതമാനം പ്രശ്‌നങ്ങള്‍ യാതൊരു വിധ സഹായവുമില്ലാതെ പരിഹരിക്കാന്‍ ഡെവിന് സാധിച്ചിട്ടുണ്ട്. ദേവികയുടെ എസ്ഡബ്ല്യുഇ ബെഞ്ച് മാര്‍ക്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് ടു പഠനം അവസാനിപ്പിച്ച സൈബര്‍ വിദഗ്ദന്‍

21 കാരനായ മുഫീദ് പ്ലസ്ടു പഠനം അവസാനിപ്പിച്ചയാളാണ്. എട്ടാം ക്ലാസ് മുതല്‍ യൂട്യൂബിന്റെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടേയും സഹായത്തോടെ സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് പരിശീലനം നേടിയ മുഫീദ് വളരെ ചെറുപ്പത്തില്‍ തന്നെ ഗൂഗിളിന്റെ ബഗ് ബൗണ്ടി പ്രോഗ്രാം പോലുള്ള പരിപാടികളുടെ ഭാഗമാവുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്ലസ്ടു പഠനകാലത്താണ് ലിമിനല്‍ എന്ന സൈബര്‍ സുരക്ഷാ കണ്‍സല്‍ട്ടന്‍സിക്ക് തുടക്കമിട്ടത്.

2021 ല്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഇന്ത്യാസ്‌കില്‍സ് പരിപാടിയില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് മുഫീദ്. ഇതിന് പുറമെ അന്തര്‍ദേശീയ തലത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

2024 ജനുവരിയില്‍ തുടക്കമിട്ട സ്റ്റിഷന്‍ എഐ എന്ന സ്ഥാപനം കോഡ്‌സെന്‍ട്രി എന്ന പേരില്‍ ഒരു എഐ സുരക്ഷാ അനലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ തയ്യാറാക്കുന്ന കോഡിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള എഐ സാങ്കേതിക വിദ്യ ആണിത്.