500 രൂപയുടെ നിക്ഷേപം 750 മടങ്ങ് വര്‍ധിച്ച് 3.75 ലക്ഷം രൂപയായത് വിശ്വസിക്കാനാകാതെ ഡോ. തന്‍മയ് മോട്ടിവാല. മുത്തച്ഛന്‍ 1994ല്‍ വാങ്ങിയ എസ്ബിഐയുടെ ഓഹരികളാണ് ഈ നേട്ടം അദ്ദേഹത്തിന് നല്‍കിയത്.
വാങ്ങിയതല്ലാതെ പിന്നീടൊന്നും അതേക്കുറിച്ച് ഓര്‍ക്കാതെ പെട്ടിയില്‍ സൂക്ഷിച്ച കടലാസ് ഓഹരിക്കാണ് ഈ നേട്ടം നല്‍കാനായതെന്ന് ഡോ.മോട്ടിവാല. എന്തിനാണ് വാങ്ങിയതെന്നോ പിന്നീട് അത് കൈവശമുണ്ടെന്നോ മുത്തച്ഛന്‍ ഓര്‍ത്തില്ലെന്നും അദ്ദേഹം പറയുന്നു.
കുടുംബ സ്വത്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കാലയളവിലൊന്നും ലാഭവീതം ലഭിച്ചിട്ടല്ല. ഓഹരിയുടെ മൂല്യംമാത്രം 3.75 ലക്ഷം രൂപയായി. 30 വര്‍ഷത്തിനുള്ളില്‍ 750 മടങ്ങ് വര്‍ധന.
ഓഹരി സര്‍ട്ടിഫിക്കറ്റ് എക്‌സില്‍ ഷെയര്‍ ചെയ്തതോടെ വൈറലാകുകയും ചെയ്തു. ഓഹരി നിക്ഷേപത്തില്‍നിന്നുള്ള നേട്ടത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും മുതിര്‍ന്നവരില്‍നിന്ന് പഠിക്കണമെന്നും ഒരാള്‍ പ്രതികരിച്ചു.
ഇത്തരത്തിലുള്ള അനുഭവം തനിക്കുമുണ്ടായെന്ന് മറ്റൊരാളും കമന്റ് ചെയ്തു. മുത്തച്ഛന്റെ കൈവശം അന്നുണ്ടായിരുന്നത് എസ്ബിഐയുടെ 500 ഓഹരികളായിരുന്നു. പിതാവിന്റെ മരണശേഷമാണ് ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്. 17 വയസ്സുള്ളപ്പാഴായിരുന്നു അത്. അങ്ങനെയാണ് ഇക്വിറ്റിയില്‍ താന്‍ നിക്ഷേപം തുടങ്ങിയതെന്നും അദ്ദേഹം കുറിച്ചു.
