പ്രതീകാത്മക ചിത്രം | Photo: twitter.com/ItanagarSp

ഇറ്റാനഗര്‍/ തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.

മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.

വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. മാര്‍ച്ച് 26-ന് കേരളത്തില്‍നിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.

ലോവര്‍ സുബാന്‍സിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് അരുണാചലിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ജിറോയിലെ ഹോട്ടല്‍മുറിയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. പൂജ്യം ഡിഗ്രിക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ.