ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ അതിഷി സംസാരിക്കുന്നു| screebgrab/ANI twitter

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ വീഴ്ത്താൻ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്ന ​ഗുരുതര ആരോപണവുമായി എഎപി നേതാവും മന്ത്രിയുമായ അതിഷി. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്നും അടുത്ത സുഹൃത്തുവഴി ആവശ്യവുമായി ബിജെപി തന്നെ സമീപിച്ചെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തൽ.

രാഷ്ട്രീയഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫർ എന്നും ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ഇ.ഡി. അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. എഎപി പിളരില്ലെന്നും ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കിയ അതിഷി, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർ​ഗേജ് പാഠക് എന്നിവരെയും അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു.

ആംആദ്മി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്ന് ​എഎപി നേതാവ് ഋതുരാജ് ഝായും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 10 എഎപി എംഎൽഎമാരെ അടർത്തിയെടുത്ത് കൊണ്ടുവന്നാൽ ഓരോരുത്തർക്കും 25 കോടി രൂപ വീതം നൽകാമെന്ന് ബിജെപി വാഗ്ദാനംചെയ്തെന്നായിരുന്നു ഝായുടെ ആരോപണം. ആംആദ്മി സർക്കാരിനെ തകർത്ത് പുറത്തുവന്നാൽ ഡൽഹിയിലെ ബിജെപി സർക്കാരിൽ മന്ത്രിപദം നൽകാമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു എഎപി എംഎൽഎയായ ഝായുടെ ആരോപണം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന അഭ്യൂഹം മാത്രമായിരുന്നു ഇത്രനാൾ ഉണ്ടായിരുന്നത്. എന്നാൽ, ബിജെപി ഓപ്പറേഷൻ താമര ആരംഭിച്ചുകഴിഞ്ഞു. പക്ഷെ, ഒരു എംഎൽഎ പോലും എഎപി വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെജ്രിവാളിന്റെ അറസ്റ്റിൽനിന്ന് ശ്രദ്ധതിരിക്കാനാണ് എഎപി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഡൽഹി എംഎൽഎയും പാർട്ടി വക്താവുമായ അഭയ് വർമ്മ പറഞ്ഞു.