Photo | AP
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മയെത്തേടിയെത്തി നാണക്കേടിന്റെ മറ്റൊരു റെക്കോഡ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് ആയ ദിനേഷ് കാര്‍ത്തിക്കിനൊപ്പം രോഹിത്തും എത്തി.
ഇരുവരും 17 തവണയാണ് ഐ.പി.എല്ലില്‍ ഡക്കായി പുറത്തായത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, പിയൂഷ് ചൗള, മന്‍ദീപ് സിങ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ 15 തവണ വീതമാണ് ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്തായത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെ മുന്‍പന്‍-82 തവണ.
രാജസ്ഥാന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ത്തന്നെ രോഹിത് പുറത്തായി. രോഹിത് നേരിട്ട ആദ്യ പന്തായിരുന്നു ഇത്. സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ നമാന്‍ ധിറിനെയും ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ മുംബൈ പ്രതിസന്ധിയിലായി. പവര്‍ പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് മുംബൈക്ക് നേടാനായത്.
