വിനീത് ശ്രീനിവാസൻ

തമിഴിൽ അഭിനയിക്കാൻ താത്പര്യമേ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ. അതുകൊണ്ട് തമിഴിൽനിന്ന് എപ്പോഴൊക്കെ അങ്ങനെയുള്ള അവസരങ്ങൾ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വേണ്ടെന്നുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ വന്നാൽ ആർക്കും തന്നെ അറിയില്ല എന്നുള്ള രീതിയിൽ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുറച്ചുകാലമായി ആ ചിന്ത മാറി വരുന്നുണ്ടെന്നും വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

മറ്റൊരു ഭാഷയിൽ ശ്രമിച്ചുനോക്കാം എന്നായിട്ടുണ്ട് ഇപ്പോഴെന്ന് വിനീത് പറഞ്ഞു. വേറൊരു ഇൻഡസ്ട്രിയിൽപോയി അവർക്കൊപ്പം പ്രവർത്തിച്ചാൽ ഒരുപാടുകാര്യങ്ങൾ പഠിക്കാം. അങ്ങനെയൊരു സംവിധായകൻ വിളിച്ചാൽ നല്ലൊരു അനുഭവമായിരിക്കും. മറ്റൊരു ഭാഷയിൽപ്പോയി പ്രവർത്തിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. കഴിഞ്ഞവർഷം തമിഴിൽനിന്ന് ഒരവസരം വന്നിരുന്നു. അത് മനഃപൂർവം നോ പറഞ്ഞതല്ല. ചെയ്യാൻ പറ്റാതിരുന്നതാണ്.

വെങ്കട്ട് പ്രഭു സാർ വിളിച്ചിരുന്നു. ഒക്ടോബറിൽ ദളപതി(വിജയ്)യുടെ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന പടം തുടങ്ങുകയാണ്. അതേസമയംതന്നെയാണ് ഞാൻ വർഷങ്ങൾക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാൻവിചാരിച്ചിരുന്നത്. ഇക്കാര്യം ഞാൻ അദ്ദേഹത്തോടുപറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു. ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു.

സുഹൃത്തുക്കളായവരായിരിക്കും മിക്കവാറും ഞാൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ. അങ്ങനെ ഞാൻ അഭിനയിക്കുന്ന ചിത്രമാണെങ്കിൽ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫർ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാൻ സംവിധാനംചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്നത്തിലാവുമെന്ന് പറഞ്ഞപ്പോൾ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞു. വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ഹൃദയം എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമ്മാണം.