വൈ.എസ്.ശർമിള ആന്ധ്രയിലെ ഒരു പൊതുപരിപാടിയിൽ |ഫോട്ടോ:ANI
ന്യൂഡൽഹി: ആന്ധ്രപ്രദേശ് പി.സി.സി അധ്യക്ഷ വൈ.എസ് ശർമിള ഉൾപ്പെടെ 17 സ്ഥാനാര്‍ഥികളുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 11-ാം പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു പ്രമുഖൻ. ഒഡിഷയിൽ നിന്ന് എട്ട്, ആന്ധ്രയിൽ നിന്ന് അഞ്ച്, ബിഹാറിൽ നിന്ന് മൂന്ന്, ബംഗാളിൽ നിന്ന് ഒരാൾ എന്നിങ്ങനെ 17 പേരുടെ പട്ടികയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
വൈ.എസ്. രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയിൽ നിന്നാണ് മകള്‍ ശർമിള ജനവിധി തേടുക. 1989 മുതൽ 1999 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈ.എസ്.ആറായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ വൈ.എസ് വിവേകാനന്ദ റെഡ്ഡിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട്, നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ശര്‍മിളയുടെ സഹോദരനുമായ ജഗന്‍ മോഹന്റെ തട്ടകമായിരുന്നു കടപ്പ.
കോണ്‍ഗ്രസ് ടിക്കറ്റിലും തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായും ജഗന്‍ മണ്ഡലം പിടിച്ചടക്കി. 2014 മുതല്‍ ജഗന്റെ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ശര്‍മിളയുടെ ബന്ധുകൂടിയായ വൈ.എസ്.അവിനാശ് റെഡ്ഡിയാണ് കടപ്പയിലെ എംപി. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് സിറ്റിങ് എംപിയായ അവിനാശ് റെഡ്ഡിയാണ് ശര്‍മിളയുടെ പ്രധാന എതിരാളി. ടി.ഡി.പി. ഇവിടെ സി.ബി.സുബ്ബരാമി റെഡ്ഡിയെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.
വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വൈ.എസ് അവിനാശ് റെഡ്ഡിക്ക് അദ്ദേഹത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അധികാരത്തിലെത്തിയിട്ടും കേസിൽ മെല്ലെപ്പോക്കണെന്നും നേരത്തെ വിവേകാനന്ദ റെഡ്ഡിയുടെ മകൾ ആരോപിച്ചിരുന്നു.
തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശർമിളയെ ആന്ധ്രയിൽ പാർട്ടിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കുന്നതിനാണ് കോൺഗ്രസിലെത്തിച്ചത്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച പൂർണമാക്കിയത്.
വൈ.എസ്.ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ മുഖ്യമന്ത്രി മോഹം ഹൈക്കമാൻഡ് തടഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 114 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്.
