Photo | AP

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന്റെ ഏകദിന ടീം ക്യാപ്റ്റനും ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ലര്‍ സ്വന്തം പേരുമാറ്റി. ജോസ് ബട്‌ലര്‍ (Jos Buttler) എന്നത് ജോഷ് ബട്‌ലര്‍ (Josh Buttler) എന്ന് ഔദ്യോഗികമായി മാറ്റിയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി.) അറിയിച്ചു. തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനുവേണ്ടി ഇറങ്ങുമ്പോള്‍ ജോഷ് ബട്‌ലര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ജോസ് എന്ന പേര് ജോഷ് എന്ന രീതിയില്‍ തെറ്റായിട്ടാണ് പലരും വിളിച്ചുവരുന്നത്. പൊതുജനങ്ങളും സ്വന്തം അമ്മ വരെയും ജോഷ് എന്ന് വിളിക്കാന്‍ തുടങ്ങിയതോടെയാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് ബട്‌ലര്‍ പറഞ്ഞു. ബട്‌ലര്‍ തന്നെ സ്വന്തം പേരു മാറ്റിയതായി പ്രഖ്യാപിച്ച് വിവരിക്കുന്ന വീഡിയോ ഇ.സി.ബി. പങ്കുവയ്ക്കുകയായിരുന്നു.

ജോസ് എന്നത് ജോഷ് എന്ന് തെറ്റായി വിളിക്കുന്നതിനെ കഴിഞ്ഞ 30 വര്‍ഷമായി തിരുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. അവസാനം ഗത്യന്തരമില്ലാതെ പേര് മാറ്റുകയാണെന്ന് വീഡിയോയില്‍ ബട്‌ലര്‍ വ്യക്തമാക്കുന്നു. കവലയിലെ ആളുകള്‍ മുതല്‍ സ്വന്തം അമ്മ വരെ ജോഷ് എന്ന് തെറ്റായാണ് വിളിക്കുന്നത്. ബര്‍ത്ത്‌ഡേ കാര്‍ഡുകളിലും ജോഷ് എന്നുതന്നെയാണുണ്ടാവാറ്. 13 വര്‍ഷമായി രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു. രണ്ട് ലോകകപ്പുകളും നേടി. ദീര്‍ഘനാളത്തെ പ്രശ്‌നം പരിഹരിക്കുന്നതിനായി ജോഷ് ബട്‌ലര്‍ എന്ന പേര് സ്വീകരിക്കുകയാണെന്നും രാജസ്ഥാന്‍ താരം വീഡിയോയില്‍ അറിയിച്ചു.