Photo | PTI
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏപ്രില്‍ 17-ന് നടക്കുന്ന ഹോം മത്സരത്തിന്റെ വേദിയോ തീയതിയോ മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാമനവമി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ആലോചനയിലാണ് ബി.സി.സി.ഐ.യെന്നാണ് റിപ്പോർട്ട്.
കൊല്‍ക്കത്തയുടെ ആറാം മത്സരമാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടത്. സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സാണ് എതിര്‍ ടീം. രാമനവമി ആഘോഷം ദേശവ്യാപകമായി നടക്കുന്നതിനാല്‍, സ്റ്റേഡിയത്തിനോ കളിക്കോ ആവശ്യമായ സുരക്ഷയൊരുക്കാന്‍ കഴിയുമെന്നതില്‍ ഉറപ്പില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
ഏപ്രില്‍ 19-ന് ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന പശ്ചാതലത്തില്‍ കളി നീട്ടിവയ്ക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ.യും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും കൊല്‍ക്കത്ത പോലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം കൈക്കൊള്ളും.
