പ്രതീകാത്മക ചിത്രം | Photo: Pics4News
പുണെ; പുണെ നഗരത്തില്‍ നിന്ന് ഊബര്‍ ആപ്പ് മുഖേന ഓട്ടോയില്‍ യാത്ര ചെയ്തതാണ് ദീപന്‍ഷ് പ്രതാപ് എന്ന യുവാവ്. എന്നാല്‍ യാത്രയ്ക്ക് ശേഷം ബില്‍ വന്നതോടെ യുവാവ് ഞെട്ടി. ആപ്പില്‍ മൂന്ന് കോടിയലധികം രൂപയാണ് ഓട്ടോക്കൂലിയായി നല്‍കണമെന്ന് കാണിച്ചത്. ലഭിച്ച ബില്ലടക്കം യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോ ഡ്രൈവറുമായി ഇതുസംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നെന്നും യുവാവ് പറഞ്ഞു.
‘എങ്ങനെയാണ് ഒരു ഓട്ടോ യാത്രയ്ക്ക് മൂന്ന് കോടിയിലധികം രൂപ ബില്‍ വരുന്നത്? ഇതൊരു ചാര്‍ട്ടഡ് വിമാനമാകാത്തത് ഭാഗ്യം’.-യുവാവ് എക്‌സില്‍ കുറിച്ചു. താന്‍ പണമടച്ചില്ലെങ്കില്‍ അത് അയാള്‍ നല്‍കേണ്ടി വരുമെന്നാണ് ഡ്രൈവര്‍ കരുതിയത്. ഇത് ലജ്ജാകരമാണ്. ഓട്ടോ ഡ്രൈവര്‍ 15-മിനിറ്റോളം തര്‍ക്കിച്ചെന്നും യുവാവ് പറഞ്ഞു.
സംഭവം പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യുവാവിനോട് അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും കമ്പനി പ്രതികരിച്ചു.
ഈയിടെ നോയിഡയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. ദീപക് എന്ന യുവാവിനാണ് എഴ് കോടിയിലധികം രൂപ ബില്‍ വന്നത്. യാത്ര അവസാനിക്കുന്നതിന് മുമ്പ് തന്നെ ആപ്പില്‍ കോടികള്‍ ബില്ലായെത്തി. സംഭവം ചര്‍ച്ചയായതോടെ കമ്പനി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
