അപർണാ ദാസ്, ദീപക് പറമ്പോൽ

മലയാള സിനിമ വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷ്യം വഹിക്കുന്നു. നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമ്പോലുമാണ് വിവാഹിതരാകുന്നത്. ഏപ്രില്‍ 24 ന് വടക്കാഞ്ചേരിയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പാലക്കാട് സ്വദേശിയായ അപര്‍ണാ ദാസ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മനോഹരം, വിജയ് ചിത്രം ബീസ്റ്റ്, പ്രിയന്‍ ഓട്ടത്തിലാണ്, തമിഴ് ചിത്രം ദാദ എന്നിവയില്‍ സുപ്രധാന വേഷങ്ങളിലെത്തി. റിലീസിനൊരുങ്ങുന്ന സീക്രട്ട് ഹോം, സീക്രട്ട് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.

കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ദീപക് പറമ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. തട്ടത്തിന്‍ മറയത്തിലൂടെ ദീപക് കൈയടി നേടി. തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു ഒപ്പ്, ഒറ്റമുറി വെളിച്ചം, ബി ടെക്, മനോഹരം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തു. അടുത്തിടെ തരംഗമായ മഞ്ഞുമ്മല്‍ ബോയ്‌സിലും നായക നിരയില്‍ ദീപക് പറമ്പോല്‍ ഉണ്ടായിരുന്നു. വിഷു റിലീസായെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ദീപക്കുണ്ട്. മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒന്നിച്ചഭിനയിച്ചിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക എന്നാണ് വിവരം.