Photo: Open AI
ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി. സൗജന്യമായി ഉപയോഗിക്കാനാവുന്ന ഈ സേവനം ഉപയോഗിക്കാന്‍ ഒരു ഓപ്പണ്‍ എഐ അക്കൗണ്ട് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ചാറ്റ് ജിപിടി അക്കൗണ്ട് ഉപയോഗിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. കമ്പനി തന്നെയാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.
ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ചാറ്റ് ജിപിടി ഉപയോഗിക്കാമെന്ന് ഓപ്പണ്‍ എഐ പുതിയ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ചാറ്റ് ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കും. എന്നാല്‍ നിങ്ങളുടെ ചാറ്റ് എഐയെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്.
അതേസമയം, ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത് വേണമെങ്കിലും ചോദിച്ചറിയാന്‍ സാധിക്കുമെങ്കിലും ഈ ചാറ്റുകള്‍ സൂക്ഷിച്ചുവെക്കണം എന്നുണ്ടെങ്കില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. ഇതിന് പുറമെ ശബ്ദത്തില്‍ മറുപടി ലഭിക്കണമെങ്കിലും മറുപടികള്‍ മറ്റുള്ളവരുമായി പങ്കുവെക്കണമെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. ഡാല്‍-ഇ 3 പോലുള്ള ഓപ്പണ്‍ എഐ ഉല്പന്നങ്ങളും ചാറ്റ് ജിപിടിയുടെ പെയ്ഡ് പതിപ്പും ഉപയോഗിക്കണമെങ്കിലും അക്കൗണ്ട് ലോഗിന്‍ നിർബന്ധമാണ്.
അനാവശ്യവും, അപകടകരവും നിയമവിരുദ്ധവുമായ പ്രോംറ്റുകള്‍ തടയുന്നതിന് കൂടുതല്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി. എന്നാല്‍ അവ എന്തെല്ലാം ആണെന്ന് വെളിപ്പെടുത്തിയില്ല. 185 രാജ്യങ്ങളിലായി ആഴ്ചയില്‍ 10 കോടി ഉപഭോക്താക്കളുണ്ട് ചാറ്റ് ജിപിടിയ്ക്ക്.
