പിണറായി വിജയൻ

കോഴിക്കോട്: ഡൽഹിയിൽ ഞായറാഴ്ച നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധറാലി ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസ് ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത അഭിപ്രായമുള്ള പാർട്ടികളേയും നേതാക്കളേയും ബി.ജെ.പി വേട്ടയാടുമ്പോൾ ഒപ്പംനിൽക്കുന്ന സമീപനമാണ് കോൺ​ഗ്രസ് സ്വീകരിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെജ്‌രിവാൾ വിഷയം. കോൺ​ഗ്രസ് നൽകിയ പരാതിയാണ് ഇ.ഡി. ഇടപെടലിന് വഴിവെച്ചത്. ഞായറാഴ്ചത്തെ റാലിയിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുത്തത് നല്ലകാര്യം. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണെന്നും പിണറായി പറഞ്ഞു.

എല്ലാ രാഷ്ട്രീയപാർട്ടികൾക്കുനേരെയും കേന്ദ്രം നടപടികൾ സ്വീകരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത ഒരുപാട് കോൺ​ഗ്രസ് നേതാക്കളുണ്ട്. അശോക് ചവാന്റെ കാര്യം രാഹുൽ തന്നെയാണ് പറഞ്ഞത്. രാജ്യതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയക്കാർക്കെതിരെ നടപടിയുണ്ടാകുമ്പോൾ പാർട്ടി വിട്ടുപോകുകയല്ല വേണ്ടത്.

മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ മൂല്യങ്ങൾ തകർന്നു. വർ​ഗീയതയെ എതിർത്തേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. എന്നാൽ, മതനിരപേക്ഷർ എന്നുപറയുന്ന ചിലർക്ക് ശക്തമായി വർ​ഗീയതയെ എതിർക്കാൻ സാധിക്കുന്നില്ല.

സി.എ.എയിൽ കോൺ​ഗ്രസിന് പ്രതികരിക്കാൻ കഴിയുന്നില്ല. രാഹുൽ ​ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. വയനാട്ടിൽ ശക്തമായ മത്സരമായിരിക്കും. കോൺഗ്രസിന്റെ വലിയ നേതാവാണ് രാഹുൽ. സുരേന്ദ്രനെ നേരിടാനാണോ അദ്ദേഹം വയനാട്ടിലെത്തുന്നത്. ഇവിടെ എൽ.ഡി.എഫിനെതിരെയാണ് രാഹുലിന്റെ മത്സരം.

ദേശീയതലത്തിൽ എല്ലാവർക്കുമറിയുന്ന ഇടതുപക്ഷ നേതാവാണ് ആനി രാജ. അവരെയാണല്ലോ മണിപ്പുർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്. രാഹുൽ ​ഗാന്ധിക്ക് മണിപ്പുർ വിഷയത്തിൽ എന്ത് റോളാണുള്ളത്. രാജ്യത്തിന് ഭീഷണിയാകുന്ന ഏതെങ്കിലും വിഷയത്തിൽ രാഹുൽ ​ഗാന്ധിയെ കാണുന്നുണ്ടോ?, പിണറായി ചോദിച്ചു.

റിയാസ് മൗലവി കേസലുണ്ടായത് സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വളരെ ജാഗ്രതയോടെ പോലീസ് ഇടപെട്ടു. വളരെ പെട്ടന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കുറ്റപത്രവും കൃത്യസമയത്ത് നൽകി. ഏഴ് വർഷം അവർ വിചാരണ തടവുകാരായി അവർ ജയിലിൽ കിടന്നു. മൗലവിയുടെ ഭാര്യ നിർദേശിച്ച വ്യക്തിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായും നിയമിച്ചു. പോലീസിനും പ്രോസിക്യൂട്ടർക്കും വീഴ്ചയുണ്ടായിട്ടില്ല. എന്നിട്ടും, വിധിന്യായം പ്രോസിക്യൂഷൻ കണ്ടെത്തൽ അം​ഗീകരിച്ചില്ല.

മതത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നത് ഒരിക്കലും അം​ഗീകരിക്കില്ല. യു.എ.പി.എ ചുമത്താനുള്ള അപേക്ഷ കീഴ്ക്കോടതിക്ക് തീർപ്പാക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.