Photo: AP
വിശാഖപട്ടണം: സീസണിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ ആ തോല്‍വി ഒട്ടും തന്നെ വിഷമിപ്പിച്ചില്ലെന്നതാണ് സത്യം. അതിന് കാരണം ഒന്നുമാത്രം, കാത്തിരുന്ന്, കാത്തിരുന്ന് ഒടുക്കം അവര്‍ക്ക് തങ്ങളുടെ തല ധോനിയുടെ ബാറ്റിങ് കാണാനായി എന്നതുതന്നെ. ധോനിയാകട്ടെ തന്റെ വിന്റേജ് സ്‌റ്റൈല്‍ ബാറ്റിങ് വെടിക്കെട്ടിലൂടെ ആരാധകരുടെ ആവേശം വാനോളമുയര്‍ത്തുകയും ചെയ്തു.
ഈ സീസണോടെ ധോനിയെ ഇനി ചെന്നൈ കുപ്പായത്തില്‍ കാണാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ ഏല്‍പ്പിച്ചത് ഇതിന്റെ സൂചനയായി കാണുന്നവരുണ്ട്. അതോടെ ഐപിഎല്‍ 17-ാം സീസണ്‍ ചെന്നൈ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട തലയെ ക്രിക്കറ്റ് മൈതാനത്ത് അവസാനമായി കാണാനുള്ള അവസരമായി. അതവര്‍ പരമാവധി വിനിയോഗിക്കുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 17-ാം ഓവറില്‍ ശിവം ദുബെ പുറത്തായതിനു പിന്നാലെ എട്ടാമനായാണ് ധോനി ക്രീസിലേക്കെത്തുന്നത്. ഈ സീസണില്‍ ആദ്യമായി ധോനി ക്രീസിലേക്ക്. എത്രയോ നാളുകളായി ആരാധകര്‍ കാത്തിരുന്ന നിമിഷം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് അല്ലാഞ്ഞിട്ടുകൂടി ധോനി ക്രീസിലേക്കിറങ്ങുമ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്നുയര്‍ന്ന ശബ്ദം രേഖപ്പെടുത്തിയത് 128 ഡെസിബലായിരുന്നു. ഒരു മിലിറ്ററി ജെറ്റ് പറക്കുമ്പോഴുള്ള ശബ്ദം 130 ഡെസിബലാണെന്ന് ഓര്‍ക്കണം. ധോനി ക്രീസിലെത്തുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 23 പന്തില്‍ നിന്ന് 72 റണ്‍സായിരുന്നു. എന്നാല്‍ അപ്പോഴേക്കും ആ ലക്ഷ്യമെല്ലാം ആരാധകര്‍ മറന്നുപോയിരുന്നു. ‘തല ദര്‍ശന’ത്തില്‍ മത്സരഫലം പോലും അപ്രസക്തമായിപ്പോയി.
പിന്നീട് ക്രീസില്‍ കണ്ടത് ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരുടെ ചങ്കിടിപ്പുയര്‍ത്തുന്ന ആ വിന്റേജ് ധോനിയെയായിരുന്നു. മുകേഷ് കുമാറിന്റെ നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് ധോനി തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിലായിരുന്നു ധോനി പൂര്‍ണമായും ആ വിന്റേജ് മോഡിലേക്ക് മാറിയത്. രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം ധോനി 37 റണ്‍സുമായി നോട്ടൗട്ട്. പക്ഷേ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിക്കാന്‍ ആ ഇന്നിങ്‌സിനായില്ല. തന്റെ ആ ഫിനിഷര്‍ റോള്‍ ഈ 42-ാം വയസിലും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ധോനി അവിടെ.
