അജിത് ബിജു

ചെങ്ങന്നൂര്‍: ഇന്‍സ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ടശേഷം അവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പീരുമേട് കൊക്കയാര്‍ വെബ്ലി വടക്കേമല തുണ്ടിയില്‍ അജിത് ബിജു(28)വാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം പീഡിപ്പിക്കുകയും യുവതിയുടെ നഗ്നവീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തുകയുംചെയ്തു. ഇതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധനനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ അന്വേഷണം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യെ ഏല്‍പ്പിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പോസ്റ്റുചെയ്ത് യുവതികളുമായി സൗഹൃദംസ്ഥാപിച്ചശേഷം പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടുകയുമാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. സമാന കുറ്റംചെയ്തതിന് ഇയാളെ കരിപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പല സ്ഥലങ്ങളിലായി കഴിഞ്ഞുവരവെയാണ് സാമൂഹികമാധ്യമംവഴി യുവതികളുമായി ബന്ധം സ്ഥാപിച്ചത്.

രണ്ടുവര്‍ഷം മുന്‍പുനടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണമപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നല്‍കാന്‍ തയ്യാറായത്. പ്രതി കൂടുതല്‍ യുവതികളെ ഇത്തരത്തില്‍ ചതിയില്‍പ്പെടുത്തിയതായി സംശയമുണ്ട്. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.