കൊല്ലപ്പെട്ട സിംന ഷക്കീർ, അറസ്റ്റിലായ ഷാഹുൽ അലി

സൗഹൃദത്തിലുണ്ടായ വിള്ളലാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

മൂവാറ്റുപുഴ: രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് വീട്ടില്‍ സിംന ഷക്കീര്‍ (37) ആണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ വെസ്റ്റ് പുന്നമറ്റം കക്കടാശ്ശേരി തോപ്പില്‍ ഷാഹുൽ അലി (33) യാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ രണ്ട് മക്കളും ആശുപത്രി പരിസരത്തുണ്ടായിരുന്നു.

ഈസ്റ്റര്‍ ഞായറില്‍ വൈകീട്ട് മൂന്നുമണിയോടെ മാതൃ-ശിശു പരിപാലന ബ്ലോക്കിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ കാണാനും കൂട്ടിരിക്കാനും മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു സിംന. മാതൃ-ശിശുപരിപാലന ബ്ലോക്കിനു മുന്നിലെ ചില്ല് വാതില്‍ തുറന്നെത്തുന്ന സ്ഥലത്താണ് അക്രമം നടന്നത്.

പിന്നില്‍നിന്നു പിടിച്ച് കഴുത്ത് മുറിക്കുകയും പുറത്തും കഴുത്തിനു പിന്നിലും കുത്തുകയും ചെയ്തു. കമിഴ്ന്നു വീണുകിടന്ന സിംന രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വലിയ കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് കുത്തേറ്റ നിലയില്‍ സിംന വീണുകിടക്കുന്നത് കണ്ടത്. സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയിലെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

സംഭവശേഷം കടന്നുകളഞ്ഞ ഷാഹുലിനെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിക്കു സമീപത്തുനിന്ന് പോലീസ് പിടികൂടി. കത്തിക്കു വേണ്ടിയുള്ള പിടിവലിയില്‍ ഷാഹുലിന്റെ രണ്ട് കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഷാഹുലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൂവാറ്റുപുഴ മാര്‍ക്കറ്റിലെ പെയിന്റ് കടയില്‍ തൊഴിലാളിയായ ഷാഹുല്‍ അലിയും പെരുമറ്റത്തെ കര്‍ട്ടന്‍ കടയില്‍ ജീവനക്കാരിയായ സിംനയും പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. സൗഹൃദത്തിലുണ്ടായ വിള്ളലാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

രണ്ടാഴ്ച മുന്‍പ് സിംന ജോലിചെയ്യുന്ന കടയിലെത്തി ഷാഹുല്‍ ഭീഷണി മുഴക്കിയതിന് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിംനയുടെ ഭര്‍ത്താവ്: ഷക്കീര്‍. മക്കള്‍: സാഹിര്‍, സഹാന, സഫ്വാന. ഷാഹുലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. സിംനയുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച മൃതദേഹ പരിശോധന നടത്തും.

ആറുതവണ കത്തി കുത്തിയിറക്കി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സിംനയ്‌ക്കേറ്റത് ആറ് കത്തിക്കുത്തുകള്‍. കമിഴ്ന്നു വീഴുമ്പോഴും സിംനയുടെ പുറത്ത് കത്തി കുത്തിനിര്‍ത്തിയ നിലയിലായിരുന്നു. കഴുത്തിന്റെ മുന്‍ഭാഗമാണ് അക്രമി ആദ്യം മുറിച്ചത്. ഈ മുറിവോടെ തല കുമ്പിട്ട് മുന്നോട്ടാഞ്ഞുപോയ സിംനയുടെ പുറത്ത് വീണ്ടും വീണ്ടും കത്തി കുത്തിയിറക്കി.

ആറാമത്തെ കുത്തില്‍ കത്തി താഴേക്ക് വരുകയും ചെയ്തു. മുന്നോട്ട് കമിഴ്ന്ന് വീഴുമ്പോഴും കത്തി അവിടെത്തന്നെയിരുന്നു. കത്തി ഊരിയെടുക്കാതെ അക്രമി പോകുമ്പോള്‍ ആശുപത്രി കെട്ടിടത്തിന്റെ മാര്‍ബിള്‍ തറയില്‍ രക്തം ഒഴുകിപ്പരന്നു.

അക്രമത്തിന് മണിക്കൂര്‍ മുന്‍പ് മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വ്യാപാര ശാലയില്‍നിന്നു വാങ്ങിയ പുതിയ കത്തിയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. കൊലപ്പെടുത്തണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നാണ് പോലീസ് ഇതില്‍നിന്നു മനസ്സിലാക്കുന്നത്.

രണ്ടാഴ്ച മുന്‍പ് ഭീഷണി

മൂവാറ്റുപുഴ : രണ്ടാഴ്ച മുന്‍പ് സിംന ജോലിചെയ്യുന്ന പെരുമറ്റത്തെ കര്‍ട്ടന്‍ കടയില്‍ എത്തി ഷാഹുല്‍ ഭീഷണി മുഴക്കിയതിന് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കടയില്‍ ഷാഹുല്‍ എത്തുമ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ല. മറ്റ് ജീവനക്കാര്‍ കൂടി ചേര്‍ന്നാണ് ഇയാളെ പറഞ്ഞുവിട്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കി വിടുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ ഭയന്നാണ് പുന്നമറ്റത്തുനിന്ന് മുളവൂരിലെ വാടകവീട്ടിലേക്ക് സിംനയും കുടുംബവും താമസം മാറ്റിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. നിത്യത്തൊഴില്‍ ചെയ്താണ് ഷക്കീറും സിംനയും കുടുംബം പോറ്റിയിരുന്നത്.