നടൻ കെ.ആർ. ഗോകുൽ | ഫോട്ടോ: http://www.instagram.com/kr_gokul/
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടനായിരുന്ന കെ.ആർ. ഗോകുൽ ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കലാജാഥയുമായി സഞ്ചരിക്കുന്ന കാലത്താണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ. ഗോകുലിനെത്തേടി ബ്ലെസിയുടെ വിളിയെത്തുന്നത്. ആടുജീവിതത്തിലെ ഹക്കീമിന്റെ വേഷമായിരുന്നു ബ്ലെസി ഗോകുലിനായി കരുതിവെച്ചത്. ആ കഥാപാത്രത്തിനായി പൃഥ്വിരാജിനെപ്പോലെ ഗോകുലും താടിയും മുടിയും നീട്ടിവളർത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തു. ഇരുപതുകിലോവരെ ഭാരംകുറച്ചാണ് ഹക്കീമായി ഗോകുൽ മരുഭൂമിയിലൂടെ സഞ്ചരിച്ചത്.
‘‘കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്ത് യൂണിവേഴ്‌സിറ്റി യൂണിയന്റെ കലാജാഥയ്ക്കൊപ്പം നീങ്ങുമ്പോഴാണ് ആടുജീവിതത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. കോഴിക്കോട്ടെ നാടകപ്രവർത്തകനായ ശാന്തേട്ടന്റെ (എ. ശാന്തകുമാർ) നിർദേശപ്രകാരമാണ് ഫോട്ടോ അയക്കുന്നത്. ഫോട്ടോ ഇഷ്ടപ്പെട്ട സിനിമാസംഘം കൊച്ചിയിലേക്ക് വിളിപ്പിച്ചു. 2017-ൽ ബ്ലെസിസാറിന്റെ ഫ്ളാറ്റിൽ ഓഡിഷന് ചെന്നു. തിരക്കഥയിലെ ഒരുഭാഗം പറഞ്ഞുതന്ന് അതു ചെയ്തുകാണിക്കാൻ പറഞ്ഞു. മൂന്നാഴ്ചയ്ക്കുശേഷം തിരഞ്ഞെടുത്തതായുള്ള ഫോൺവന്നു. വീണ്ടും കൊച്ചിയിലേക്ക്.
കഥാപാത്രത്തിന് യോജിച്ചയാളാണെന്ന് അറിയിച്ചശേഷം ബ്ലെസിസാർ പറഞ്ഞത്, വലിയൊരു യാത്രയിലേക്ക് നിന്നെ ക്ഷണിക്കുന്നുവെന്നാണ്. കാറ്റുംകോളും നിറഞ്ഞ യാത്രയിലേക്കാണ് എന്നെ വിളിക്കുന്നതെന്നും പ്രതിസന്ധികളും പ്രയാസങ്ങളും ഒരുപാടുണ്ടാകും പിടിച്ചുനിൽക്കാൻ പറ്റുമെങ്കിൽ യാത്രയിലേക്ക് ചേരാമെന്നുമാണ് സാർ പറഞ്ഞത്. ഒപ്പംചേരുന്നതായി വാക്കുകൊടുത്താണ് കൊച്ചിയിൽനിന്ന് വണ്ടികയറിയത്. അടുത്തദിവസംതന്നെ ആടുജീവിതം നോവൽ വായിച്ചുതുടങ്ങി.
നജീബിനൊപ്പമുള്ള ഹക്കീമിന്റെ യാത്രാരംഗത്തിനുവേണ്ടിയാണ് ഞാനാദ്യമായി ക്യാമറയ്ക്കുമുന്നിൽ നിന്നത്. നാട്ടിൽവെച്ചുള്ള ഒറ്റദിവസത്തെ ചിത്രീകരണമായിരുന്നു അത്. പിന്നീട് അടുത്തഷെഡ്യൂളിനായി ജോർദാനിലേക്ക് പറന്നു. ആടുജീവിതത്തിൽ അഭിനയിക്കാൻവേണ്ടിയാണ് പാസ്പോർട്ട് എടുക്കുന്നത്, ഹക്കീമിനെപ്പോലെ എന്റെയും ആദ്യ വിമാനയാത്രയായിരുന്നു അത്. എയർപോർട്ടിൽ വന്നിറങ്ങുന്ന സീനുകളെല്ലാമാണ് വിദേശത്തുവെച്ച് ആദ്യമായി ചിത്രീകരിച്ചത്. കഥയുടെ അവസാനഭാഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും വളരെസന്തോഷത്തോടെ സ്വാഭാവികമായി പറയുന്നകാര്യങ്ങൾ ചെയ്താൽമതിയെന്നുമാണ് ബ്ലെസിസാറിൽനിന്ന് തുടക്കത്തിൽ കിട്ടിയ നിർദേശം. ചിത്രീകരണം തുടങ്ങുന്നതിനുമുൻപ് രാജുചേട്ടൻ(പൃഥ്വിരാജ്) മുറിയിലേക്ക് കൊണ്ടുപോയി എനിക്ക് കാപ്പി തന്നു, ആത്മവിശ്വാസം നൽകുന്ന രീതിയിൽ കുറെനേരം സംസാരിച്ചു. വിദേശത്തെ ആദ്യഷെഡ്യൂളിൽ എനിക്കേതാണ്ട് പത്തുദിവസത്തെ അഭിനയമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം തിരിച്ചുപോരാതെ ഞാൻ സംഘത്തിനൊപ്പംതന്നെ തുടർന്ന് ക്യാമറക്കുപിന്നിലെ കാര്യങ്ങൾ പഠിച്ചു. ക്ലാപ്പടിച്ചും റിപ്പോർട്ടെഴുതിയും അവർക്കൊപ്പം അസിസ്റ്റന്റായി കൂടി.
ആടുജീവിതത്തിന്റെ രണ്ടാംഘട്ടത്തിനായി മുടിയും താടിയും നീട്ടിവളർത്തി ശരീരഭാരം കുറയ്ക്കുന്നതിനായി ഇഷ്ടപ്പെട്ട ആഹാരങ്ങൾ പലതും ഒഴിവാക്കി. മുഖത്ത് മാറ്റംവരുത്തുന്നതിനായി വെള്ളംമാത്രമാക്കിയുള്ള ഡയറ്റ് പ്ലാൻചെയ്തു. മൂന്നുദിവസം വെള്ളംമാത്രം കുടിച്ച് മുന്നോട്ടുപോയി. മൂന്നാംനാൾ രാത്രി ഞാൻ കുഴഞ്ഞുവീണു. ഭക്ഷണം പൂർണമായി ഒഴിവാക്കിയാൽ അപകടമാകുമെന്ന് തിരിച്ചറിഞ്ഞതോടെ പഴച്ചാറുകൾ കഴിക്കാൻതുടങ്ങി. ഭക്ഷണം കുറച്ചതും തലകറങ്ങിവീഴുന്നതുമെല്ലാംകണ്ട് അമ്മയും വീട്ടിലുള്ളവരും പലതവണ ഭയപ്പെട്ടു, ബ്ലെസിസാറും വീട്ടുകാരും ഈ വിഷയത്തിൽ എത്രയോവട്ടം സംസാരിച്ചിട്ടുണ്ട്.

ദുരിതകാലത്തെ ഹക്കീമാകാൻ ഞാൻ അറുപത്തിനാലുകിലോയിൽനിന്ന് ശരീരഭാരം നാല്പത്തിനാല് കിലോയിലേക്കുവരെ കുറച്ചു. കോവിഡ് വെല്ലുവിളിയും ലോക്ഡൗൺ പ്രഖ്യാപനവും വന്നതോടെ ചിത്രീകരണം നിർത്തിവെച്ചു. ആ കാലത്തും ശരീരഭാരം നാല്പത്തിയേഴിനപ്പുറം കൂടാതെ പിടിച്ചുനിർത്തുകയായിരുന്നു.
സിനിമയിലെ എന്റെ അവസാനഭാഗങ്ങൾ പ്രയാസംനിറഞ്ഞതാണെങ്കിലും ഏറെ ആവേശത്തോടെയാണ് ചെയ്തുതീർത്തത്. പലകാരണങ്ങളാൽ മാനസികവിഭ്രാന്തിയിലേക്കെത്തുന്നവന്റെ ചെയ്തികൾ എനിക്കാവുംവിധം ഞാൻ ക്യാമറയ്ക്കുമുന്നിൽ അവതരിപ്പിച്ചു. പണ്ട് സ്കൂൾ അസംബ്ലിയിൽ അപസ്മാരം പിടിച്ച് തലകറങ്ങിവീണ സുഹൃത്തിന്റെ പെരുമാറ്റവും എൻ.എസ്.എസ്. വൊളന്റിയറായി മാനസികരോഗാശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾക്കായി പോയപ്പോൾ അവിടെക്കണ്ട ചിലരുടെ മാനറിസങ്ങളുമെല്ലാം ആ സമയം എന്നിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. പല്ലുകൾ കൂട്ടിക്കടിക്കുന്നതും ചവയ്ക്കുന്നതുമെല്ലാം അങ്ങനെകയറിവന്ന ചില മാനറിസങ്ങളാണ്.

മരുഭൂമിയിലെ വലിയസീനുകൾ ചിത്രീകരിക്കുന്നതിനുമുൻപ് ബ്ലെസിസാർ എന്നെ വിളിച്ച് അടുത്തിരുത്തി അദ്ദേഹത്തിന്റെ മനസ്സിലെ ചിത്രങ്ങൾ ഇങ്ങനെയൊക്കെയാണെന്നും കഴിയാവുന്നതുപോലെ ഭംഗിയാക്കൂ എന്നും പറഞ്ഞു.
ഹക്കീമായുള്ള എന്റെ അഭിനയരംഗങ്ങൾ അവസാനിച്ച ദിവസം ഇന്നും ഓർമയിലുണ്ട്. സീൻകഴിഞ്ഞ് വിശ്രമിക്കാൻപോയ എന്നെ ബ്ലെസിസാർ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒപ്പമുള്ളവർ എത്തി. ലൈറ്റ് പോകുന്നു, വേഗം ഷൂട്ട് ചെയ്യണം, ക്യാമറ റെഡിയായിക്കഴിഞ്ഞു… എന്നെല്ലാംപറഞ്ഞ് തിരക്കുകൂട്ടി. ഓടിക്കിതച്ചെത്തി മരുഭൂമിയിൽ മുട്ടുകുത്തിനിന്ന് ഷോട്ടിനായി തലയിൽക്കെട്ട് ശരിയാക്കുമ്പോൾ യൂണിറ്റ് അംഗങ്ങളെല്ലാം എനിക്കുചുറ്റും വട്ടത്തിൽനിന്ന് കൈയടിച്ചു.
ഹക്കിം എന്ന കഥാപാത്രത്തിന് അവർ തന്ന സ്നേഹമായിരുന്നു അത്. ബ്ലെസിസാറും രാജുചേട്ടനും എന്നെ കെട്ടിപ്പിടിച്ചു. അഭിമാനം നൽകിയ ചിത്രീകരണ അനുഭവങ്ങളിൽ ഒന്നാണത്. സിനിമയുടെ പ്രിവ്യൂഷോയ്ക്ക് എന്നെ ക്ഷണിച്ചിരുന്നെങ്കിലും റിലീസ്ദിവസം പ്രേക്ഷകർക്കൊപ്പമിരുന്നാണ് ഞാൻ സിനിമകണ്ടത്. അതങ്ങനെതന്നെയാകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.’’
