അറസ്റ്റിലായ ജിപ്സൺ ജോയ്, പ്രതീകാത്മകചിത്രം
ഹരിപ്പാട്: ഫിറ്റ്നസ് കേന്ദ്രം നടത്തിപ്പില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളില്‍ നിന്നായി 34.47 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്ഷന് സമീപം ജിബ്സ് ഫിറ്റ്നസ് സെന്റര്‍ വര്‍ക്ക് ഔട്ട് ഉടമ ചേപ്പാട് കന്നത്തേത്ത് വീട്ടില്‍ ജിപ്സണ്‍ ജോയ് (35) ആണ് അറസ്റ്റിലായത്.
തട്ടിപ്പിനിരയായവര്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് ജിപ്‌സണ്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് ഹരിപ്പാട് പോലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തൃക്കുന്നപ്പുഴ, കരുവാറ്റ സ്വദേശകളായ യുവതികള്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് നല്‍കിയ പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫിറ്റ്നസ് സെന്റര്‍ വഴിയാണ് ഇരുവരുമായി ജിപ്‌സണ്‍ പരിചയപ്പെട്ടത്. സ്ഥാപനം നഷ്ടത്തിലാണെന്നും വില്‍ക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞ് 2022 മേയ് മാസത്തിലാണ് തൃക്കുന്നപ്പുഴ സ്വദേശിയെ ജിപ്സണ്‍ സമീപിച്ചത്. 20 ലക്ഷം രൂപ വിലവരുന്ന സ്ഥാപനമാണെന്നും പകുതി പണം നല്‍കിയാല്‍ പങ്കാളിത്തവ്യവസ്ഥയില്‍ നടത്താമെന്നും പ്രതി വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് രണ്ടുപ്രാവശ്യമായി 11,70,500 രൂപ യുവതി കൈമാറി. മാസം 12,000 രൂപ ലാഭവിഹിതം ഉറപ്പുനല്‍കിയാണ് പണം നല്‍കിയത്. എന്നാല്‍, യുവതിക്ക് സ്ഥാപനത്തില്‍ പങ്കാളിത്തം നല്‍കുകയോ ലാഭവിഹിതം കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി.
ഫിറ്റ്നസ് സെന്ററില്‍ വന്നിരുന്ന കരുവാറ്റ സ്വദേശിയായ യുവതിയെയും സമാനരീതിയിലാണ് ജിപ്‌സണ്‍ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പല പ്രാവശ്യം പണം വാങ്ങിയതിനൊപ്പം യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തി ഫിറ്റ്നസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ആകെ 23 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും പ്രതി തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു
ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഭിലാഷ് കുമാറിനാണ് കേസ് അന്വേഷണചുമതല. എസ്.ഐ. എം. ശ്രീകുമാര്‍, സിവല്‍ പോലീസ് ഓഫീസര്‍മാരായ സജാദ്, കിഷോര്‍, പ്രദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
