Photo: PTI

കണ്ണൂര്‍: മാഹിയിലെ സി.പി.എം. ഇപ്പോള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരേ മണ്ഡലത്തില്‍ത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ അതേ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ എന്ത് നിലപാടെടുക്കുമെന്ന് സ്ഥിരീകരിക്കാനാകുന്നില്ല.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.വൈദ്യലിംഗത്തെ പിന്തുണയ്ക്കുന്നുവെന്നുമാത്രമല്ല, പ്രചാരണരംഗത്ത് പരസ്യമായി അവര്‍ക്കൊപ്പം സി.പി.എം. പങ്കെടുക്കുകയും ചെയ്യുന്നു. പത്രികാസമര്‍പ്പണവേളയിലും സ്ഥാനാര്‍ഥിക്കൊപ്പം സി.പി.എം. നേതാക്കളുണ്ടായിരുന്നു. എന്‍.ഡി.എ.യാണ് ഇവിടെ മുഖ്യ എതിരാളി. ഡി.എം.കെ., മുസ്ലിം ലീഗ്, സി.പി.ഐ. കക്ഷികളുള്ള സഖ്യത്തിനൊപ്പമാണ് സി.പി.എം.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് മാഹിയിലെ സി.പി.എം. ഘടകം പ്രവര്‍ത്തിക്കുന്നത്. അവിടെ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ കേരളത്തിലൊട്ടാകെയും വടകരയില്‍ പ്രത്യേകിച്ചും സി.പി.എമ്മിനെതിരെ എതിരാളികള്‍ അത് ആയുധമാക്കുമെന്ന ആശങ്കയുണ്ട് പാര്‍ട്ടിക്ക്.

കേരളത്തിലെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായ തീരുമാനമെടുക്കേണ്ടി വരുന്നതാണ് മാഹിയില്‍ സി.പി.എമ്മിനെ കുഴയ്ക്കുന്നത്. മാഹിയോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമായ വടകരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കടുത്ത പോരാട്ടത്തിലാണ്. അതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ മാഹിയിലെ സി.പി.എമ്മിന് പ്രയാസമുണ്ടാകും.

ഇത് വോട്ടര്‍മാരോട് വിശദീകരിക്കാനും പ്രയാസപ്പെടും. ഇതേ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞതവണ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍നീതിമയ്യത്തിന് പിന്തുണ നല്‍കുകയാണ് ചെയ്തത്.

2014-ല്‍ സി.പി.ഐ. സ്ഥാനാര്‍ഥിയെയാണ് പിന്തുണച്ചത്. 2009-ല്‍ ഇതേ സാഹചര്യമുണ്ടായപ്പോള്‍ മാഹിയിലെ അഭിഭാഷകനായ ടി.അശോക് കുമാറിനെ ഇടതുസ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചിട്ടുമുണ്ട്.

പുതുച്ചേരിയിലെ പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എതിര്‍ക്കരുതെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കരുതെന്നുമുള്ള നിലപാട് സി.പി.എം. പുതുച്ചേരി സംസ്ഥാന നേതൃത്വം മാഹിയിലെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞതവന്ന വൈകിയാണ് സി.പി.എം. തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മാഹിയിലെ സി.പി.എം. നേതൃത്വം പറയുന്നു.