Photo: PTI
വിശാഖപട്ടണം: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം.എസ് ധോനി കഴിഞ്ഞ ദിവസം പുറത്തെടുത്തത്. മത്സരം ചെന്നൈ തോറ്റെങ്കിലും 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 37 റണ്‍സെടുത്ത ധോനിയുടെ പ്രകടനം ആരാധകര്‍ക്ക് വിരുന്നായി. ധോനിയുടെ വെടിക്കെട്ട് കണ്ടതോടെ ആരാധകര്‍ തോല്‍വിയുടെ നിരാശ മറന്നു.
ധോനിയുടെ പ്രകടനത്തിനു പിന്നാലെ താരത്തെ ടോപ് ഓര്‍ഡറില്‍ ഇറക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയും ഇതേ ആവശ്യവുമായി വന്നിരിക്കുകയാണ്. മത്സരം ശേഷം ചെന്നൈ ടീമിനോടായിരുന്നു ലീയുടെ ഈ അപേക്ഷ.
ധോനിയില്‍ നിന്ന് ബാറ്റിങ്ങില്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്നത്തെ മത്സരത്തില്‍ ശരിക്കും തിളങ്ങിയത് ധോനിയാണെന്നുമായിരുന്നു ലീയുടെ വാക്കുകള്‍. കളിക്കിടയിലെ ധോനിയുടെ ചിന്തകള്‍ മൂര്‍ച്ചയുള്ളതാണ്, അതിനാല്‍ തന്നെ അദ്ദേഹത്തെ ടോപ് ഓര്‍ഡറില്‍ ഇറക്കണം, ലീ കൂട്ടിച്ചേര്‍ത്തു.
ബ്രെറ്റ് ലീയ്‌ക്കൊപ്പം പാനലിലുണ്ടായിരുന്ന ഷെയ്ന്‍ വാട്ട്‌സണും ധോനിയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി. ”ധോനിയില്‍ നിന്ന് എല്ലാവരും എപ്പോഴും പ്രതീക്ഷിക്കുന്നത് ഈ പ്രകടനമാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പ്രത്യേക ശക്തിയും മികവുമാണ് അദ്ദേഹത്തിന്. അദ്ദേഹം ക്രീസിലുള്ളപ്പോള്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബൗളര്‍മാരെ ഭയം ബാധിക്കും. മത്സരം ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മികവ് കരിയറില്‍ പലതവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഡല്‍ഹിക്കെതിരേ അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഞാന്‍ കണ്ട മികച്ചവയാണ്. കവറിലൂടെ നേടിയ ആ സിക്‌സര്‍ തന്നെ ഉദാഹരണം. കളിക്കാന്‍ പ്രയാസമുള്ള ഷോട്ടാണത്, പക്ഷേ അത് അനായാസം കളിക്കാന്‍ ധോനിക്കാകുന്നു.” – വാട്ട്‌സണ്‍ വ്യക്തമാക്കി.
