പ്രതീകാത്മക ചിത്രം, ബിജു
പത്തനംതിട്ട: റാന്നി തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യഗഡുവായ പത്തുലക്ഷം രൂപ ഇന്ന് (തിങ്കളാഴ്ച) തന്നെ കൈമാറുമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി.
ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോഡ്രൈവറായ ബിജു കൊല്ലപ്പെട്ടത്. ഭാര്യ ഡെയ്‌സിയും മക്കളായ ജിന്‍സണും ബിജോയും അടങ്ങിയതാണ് ബിജുവിന്റെ കുടുംബം.
ബിജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ അനുവദിക്കാനുള്ള ശുപാര്‍ശ ജില്ലാ കളക്ടര്‍ ഇന്നു തന്നെ സര്‍ക്കാരിന് കൈമാറും. കൂടാതെ കുടുംബത്തില്‍ ഒരാള്‍ക്ക് ഇതേ ഓഫീസില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും സ്ഥിരംജോലിക്ക് ശുപാര്‍ശ നല്‍കുമെന്നും എം.പി. അറിയിച്ചു.
വനാതിര്‍ത്തികളില്‍ കിടങ്ങ്, ക്രാഷ് ബാരിയര്‍, സോളാര്‍ ഫെന്‍സിങ്ങ് എന്നിവ അടിയന്തിരമായി നിര്‍മ്മിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. അക്രമകാരിയായ വന്യമൃഗം എന്ന നിലയില്‍ ആനയെ വെടിവെച്ചു കൊല്ലാനുള്ള ശുപാര്‍ശ ജില്ല കളക്ടര്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറും. മുന്‍പ് നാട്ടുകാരായ വാച്ചര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പതിവുണ്ടായിരുന്നു. ഇത് പുനഃസ്ഥാപിച്ച് നാട്ടുകാരായ വാച്ചര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കര്‍ഷകര്‍ക്കെതിരേ നിരന്തരം കള്ളക്കേസ് എടുക്കുന്ന ബുദ്ധിമുട്ടുണ്ടാക്കുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇന്നു മുതല്‍ നിര്‍ബന്ധിത അവധി എടുക്കുമെന്നും അദ്ദേഹത്തെ സ്ഥലംമാറ്റുമെന്നും എം.പി. പറഞ്ഞു.
