കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്തുണ്ടായ കടൽക്ഷോഭത്തിലുണ്ടായ നാശനഷ്ടത്തിന്റെ ദൃശ്യം.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ പ്രതിഭാസം (Swell Surge). സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടൽ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്. രണ്ടുദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാഗ്രതാനിര്‍ദ്ദേശം
കേരളാ തീരത്ത് ഞായറാഴ്ച രാത്രി 11:30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്.) അറിയിച്ചു. അരമീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഐ.എന്‍.സി.ഒ.ഐ.എസിന്റെ മുന്നറിയിപ്പ്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിടുന്നത് കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
തെക്കന്‍ തീരങ്ങളില്‍ ഇന്നലെയുണ്ടായത്
തെക്കന്‍ കേരളത്തിലും തൃശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റമാണ് ഞായറാഴ്ച ഉണ്ടായത്. കടലാക്രമണത്തില്‍ നിരവധി വീടുകളും വള്ളങ്ങളും തകര്‍ന്നു. റോഡുകളിലും വെള്ളം കയറി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടല്‍ക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.
തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തില്‍ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാര്‍ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കടൽച്ചുഴലി കണ്ടിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു.
തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇല്ലായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
വലിയതുറ, പൊഴിയൂര്‍, പൂന്തുറ തുടങ്ങിയ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളിലും കടല്‍ക്ഷോഭം ശക്തമാണ്. പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന്, പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
ആലപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴയിലും കടലാക്രമണം രൂക്ഷമാണ്. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു. കോവളത്ത് വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ഇവിടെ കടലിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
