Photo: boAt
വിപണിയിലെ മത്സരങ്ങളിൽ മുന്നേറാന്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ ബ്രാന്‍ഡുകളെ സഹായിക്കാറുണ്ട്. പത്രങ്ങളിലും, ചാനലുകളിലും ഓണ്‍ലൈനിലും വരുന്ന പരസ്യങ്ങളില്‍ ജനശ്രദ്ധനേടാന്‍ പല പരീക്ഷണങ്ങളും കമ്പനികള്‍ നടത്താറുണ്ട്. അത്തരത്തില്‍ ശ്രദ്ധനേടുകയാണ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ടിന്റെ പുതിയ പരസ്യം. ബജറ്റ് നിരക്കിലുള്ള ഹെഡ്‌സെറ്റുകള്‍, ഇയര്‍പോഡുകള്‍ പോലുള്ള ശബ്ദ ഉപകരണങ്ങളിലൂടെ ശ്രദ്ധേയരാണ് ബോട്ട്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ ഭീമനായ ആപ്പിളിനേ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് ബോട്ടിന്റെ പരസ്യം.
മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കൂ, ആപ്പിളില്‍ നിന്ന് ബോട്ടിലേക്ക് വരൂ എന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുകയാണ് ബോട്ട്. പത്രങ്ങളില്‍ വന്ന ഈ പരസ്യത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണിപ്പോള്‍. ബോട്ടിനെ പോലൊരു ചെറിയ ബ്രാന്‍ഡ് ആപ്പിളിനെ നേരിട്ട് വെല്ലുവിളിക്കുന്നതിലെ യുക്തിയും ധൈര്യവും ആളുകള്‍ ചര്‍ച്ചയാക്കുകയാണ്.
മാറി ചിന്തിക്കുകയല്ല, മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കുകയാണ് വേണ്ടതെന്ന് പരസ്യവാചകം പറയുന്നു. ഒരു ആപ്പിളിന്റെ ചിത്രത്തിനൊപ്പം ബോട്ടിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളുടെ ചിത്രവും നല്‍കിയിരിക്കുന്നു.
പരസ്യത്തിനോടുള്ള ചിലരുടെ പ്രതികരണങ്ങളാണ് താഴെ
ചിലര്‍ ആപ്പിളിനെ വെല്ലുവിളിക്കാന്‍ ബോട്ട് കാണിച്ച ധൈര്യത്തെ പ്രശംസിക്കുന്നുണ്ട്. ബോട്ടിന്റെ വെല്ലുവിളി ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സേവനമായ ഓയോ താജ് ഹോട്ടലിനെ പരിഹസിക്കുന്നത് പോലെയാണെന്ന് ഗബ്ബര്‍ എന്ന എക്‌സ് ഉപഭോക്താവ് പറയുന്നു.
ആത്മവിശ്വാസം നല്ലതാണ്. എന്നാല്‍ ബോട്ട് സാംസങിന്റെ അടുത്തുപോലും എത്തില്ല. പിന്നല്ലേ ആപ്പിള്‍.
ബിഎംഡബ്ല്യൂ മെഴ്‌സിഡസിനെ ട്രോളുന്നത് നല്ലതാണ്. പക്ഷെ മാരുതി മെഴ്‌സിഡസിനെ ട്രോളിയാലോ നമന്‍ബിര്‍ സിങ്ങിന്റെ കമന്റ് ഇങ്ങനെ.
അതേസമയം ഇതിനകം ബോട്ട് തങ്ങളുടെ ലക്ഷ്യം നേടിയെന്ന് ടെക്ക് സ്റ്റാര്‍ ഷാരൂഖ് തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. നിങ്ങള്‍ ഈ പരസ്യം നല്ലതായോ മോശമായോ നിങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍, ബോട്ട് ആഗ്രഹിച്ചത് നടന്നു. ബോട്ടിന്റെ മികച്ചൊരു വിപണന തന്ത്രമാണിതെന്ന് ഞാന്‍ പറയുമെന്നും ഷാരൂഖ് പറയുന്നു.
