തട്ടിക്കൊണ്ടുപോയ ഇറാനിയൻ കപ്പലും ഇന്ത്യൻ നാവികേസനയുടെ പടക്കപ്പലും |ഫോട്ടോ:Indian navy

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു.

ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്.

സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരുന്നത്. തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയ്യാറായതായി നാവികസേന അറിയിച്ചു. 23 പാകിസ്താന്‍ ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാനായെന്നും നാവികേസന വ്യക്തമാക്കി.