നിധി കുര്യൻ | Photo: facebook.com/dorakurian
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ എറണാകുളം തൃക്കാക്കര ചേലൂര്‍, എല്‍ദോറാഡോ 10 ബിയില്‍ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്‌ലാറ്റില്‍ താമസിക്കുന്ന) നിധി ശോശാ കുര്യന്‍ (38) എന്നയാളെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം നാലുന്നക്കല്‍ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി.
കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

മോന്‍സന്‍ മാവുങ്കലും നിധി കുര്യനും
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്താണ് ശ്രദ്ധനേടിയത്. സാമൂഹിക മാധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്സുമുണ്ട്.
