പരിക്കേറ്റ കുട്ടിയോടൊപ്പം അമ്മ ആശുപത്രിയിൽ
കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്‌നേഹഭവനില്‍ നിന്നും കുട്ടിക്ക് നേരെ മര്‍ദനമുണ്ടാകുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തിരുവനന്തപുരം: വെള്ളറട സ്‌നേഹഭവന്‍ അഭയകേന്ദ്രത്തില്‍ ഓട്ടിസം ബാധിതനായ കുട്ടിയെ മര്‍ദിച്ചതായി പരാതി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മര്‍ദിച്ചത്. മാര്‍ച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം.
ഈസ്റ്റര്‍ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന്, ശനിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ നിന്നും കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു.
കുട്ടി സ്‌നേഹഭവന്‍ കോമ്പൗണ്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയിരുന്നുവെന്നാണ് വിഷയത്തില്‍ സ്‌നേഹഭവന്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം. പിന്നാലെ, വീട്ടിലെ വയോധികയായ സ്ത്രീ കുട്ടിയെ അടിച്ചുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, കുട്ടിയുടെ ബന്ധുക്കള്‍ സ്ത്രീയുടെ വിലാസം ആവശ്യപ്പെട്ടതോടെ പ്രിന്‍സിപ്പല്‍ തന്റെ വാദം തിരുത്തി. അടുത്ത ദിവസം പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ കുട്ടിയുടെ വീട്ടിലെത്തി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവത്തില്‍ നിയമനടപടി ആവശ്യമാണെന്ന നിലപാടിലാണ് ബന്ധുക്കള്‍. പോലീസും ആശുപത്രിയിലെത്തി കുട്ടിയുടെ ശരീരം പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്‌നേഹഭവനില്‍ നിന്നും കുട്ടിക്ക് നേരെ മര്‍ദനമുണ്ടാകുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
