രാമേശ്വരം കഫെ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ അബ്ദുൽ മതീൻ അഹമ്മദ് താഹ, മുസാബിർ ഹുസ്സൈൻ ഷാസിബ്‌ | Photo credit :Twitter @NIA_India

ബെംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).സ്‌ഫോടനത്തിലെ മുഖ്യ പ്രതികളായ മുസ്സവിര്‍ ഹുസ്സൈന്‍ ഷസീബ്,അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍.ഐ.എ തേടുന്നത്. വിവരം കൈമാറുന്നവര്‍ ആരാണെന്നത് സംബന്ധിച്ച്‌ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളായ മുസമ്മില്‍ ഷെരീഫ് എന്നയാളെ എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫിനെ എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്. മറ്റുരണ്ടു പ്രതികള്‍ക്ക് മുസമ്മില്‍ സഹായം നല്‍കിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.സ്ഫോടനം നടത്തിയത് മുസ്സവിര്‍ ഷസീബ് ഹുസ്സൈന്‍ എന്നയാളാണെന്ന് നേരത്തെ എന്‍.ഐ.എ. തിരിച്ചറിഞ്ഞിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റൊരാള്‍ അബ്ദുള്‍ മത്തീന്‍ താഹയാമെന്നും തിരിച്ചറിഞ്ഞു.

കര്‍ണാടകയിലെ 12 സ്ഥലത്തും തമിഴ്നാട്ടില്‍ അഞ്ചിടത്തം ഉത്തര്‍പ്രദേശില്‍ ഒരിടത്തുമാണ് ബുധനാഴ്ച എന്‍.ഐ.എ. പരിശോധന നടത്തിയത്. മാര്‍ച്ച് ഒന്നിനു നടന്ന സ്ഫോടനത്തില്‍ ആദ്യം ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാര്‍ച്ച് മൂന്നിന് കേസ് എന്‍.ഐ.എ. ഏറ്റെടുത്തു.