അരവിന്ദ് കെജ്‌രിവാളിനൊപ്പം കൈലാഷ് ഗഹ്‌ലോത് | Photo: ANI

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി സര്‍ക്കാരിലെ മറ്റൊരു മന്ത്രിക്കു കൂടി സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഗതാഗത, നിയമവകുപ്പു മന്ത്രി കൈലാഷ് ഗഹ്‌ലോതിനാണ് ഇ.ഡി. സമന്‍സ് അയച്ചത്.

ഇന്ന് (ശനിയാഴ്ച) ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കകമാണ് കൈലാഷിനും സമന്‍സ് അയച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും പി.എം.എല്‍.എ. നിയമം അനുസരിച്ച് മൊഴി രേഖപ്പെടുത്താനുമാണ് കൈലാഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ.ഡി. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് കൈലാഷിന് ഇ.ഡി. സമന്‍സ് അയക്കുന്നത്.

ഡല്‍ഹിയിലെ നജഫ്ഗഢില്‍നിന്നുള്ള എം.എല്‍.എയാണ് നാല്‍പ്പത്തൊമ്പതുകാരനായ കൈലാഷ്. ഡല്‍ഹി സര്‍ക്കാര്‍ 2021-22 കാലത്തേക്ക് രൂപവത്കരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ സമതിയിലെ അംഗമായിരുന്നു ഇദ്ദേഹം.