ചന്ദ്രശേഖർ ആസാദ് | Photo: PTI
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആസാദിന് സി.ആര്‍.പി.എഫിന്റെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഉത്തർപ്രദേശ് സംസ്ഥാനത്തിനുള്ളിൽ മാത്രമാകും ആസാദിന് വൈ പ്ലസ് സുരക്ഷ ലഭിക്കുക.
ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയുടെ (എ.എസ്.പി) സ്ഥാനാര്‍ഥിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ നഗിന മണ്ഡലത്തില്‍നിന്നാണ് ചന്ദ്രശേഖര്‍ ആസാദ് ജനവിധി തേടുന്നത്. സുരക്ഷാഭീഷണിയുണ്ട് എന്ന് എ.എസ്.പി. അറിയിച്ചതിനെ തുടര്‍ന്നാണ് ആസാദിന് വൈ പ്ലസ് സുരക്ഷ അനുവദിച്ചത്. ആസാദിന് സുരക്ഷ വേണമെന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.
കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ സഹരണ്‍പുരില്‍ വെച്ച് ചന്ദ്രശേഖര്‍ ആസാദിനെ ആയുധധാരികള്‍ ആക്രമിച്ചിരുന്നു. കാറിലെത്തിയ സംഘം ആസാദിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടുപ്പിന് പരിക്കേറ്റിരുന്നു. വെടിവെപ്പിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.
