Photo | PTI

ബെംഗളൂരു: ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ബെംഗളൂരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത, മൂന്നോവറും ഒരു പന്തും ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് മറികടന്നു.

വെങ്കടേഷ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും കൂറ്റനടികളാണ് കൊല്‍ക്കത്തയ്ക്ക് ജയം സാധ്യമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തി. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും സുനില്‍ നരെയ്‌നും പവര്‍ പ്ലേയില്‍ത്തന്നെ 85 റൺസാണ് അടിച്ചെടുത്തത്.

ആദ്യ ഓവര്‍ മുതല്‍ത്തന്നെ പ്രഹരം തുടങ്ങി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ നേടിയത് 18 റണ്‍സ്. രണ്ടാം ഓവറില്‍ യഷ് ദയാല്‍ വഴങ്ങിയത് 14 റണ്‍സ്. മൂന്നാം ഓവറില്‍ അല്‍സാരി ജോസഫിനും കിട്ടി 14. ആറാം ഓവറില്‍ യഷ് ദയാല്‍ വഴങ്ങിയത് 21 റണ്‍സ്. കൊല്‍ക്കത്തയുടെ ഐ.പി.എലിലെ രണ്ടാമത്തെ മികച്ച പവര്‍ പ്ലേ സ്‌കോറാണിത്. 2017-ല്‍ ബെംഗളൂരുവിനെതിരേ തന്നെ നേടിയ 105 റണ്‍സാണ് കൊല്‍ക്കത്തയുടെ പവര്‍ പ്ലേ റെക്കോഡ്.

22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരെയ്‌നാണ് ആദ്യം പുറത്തായത്. മായങ്ക് ദാഗറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ വിജയകുമാര്‍ വൈശാഖിന്റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി ഫിലിപ് സാള്‍ട്ടും മടങ്ങി (20 പന്തില്‍ 30). വെങ്കടേഷ് അയ്യര്‍ 30 പന്തില്‍ 50 റണ്‍സ് നേടി ടോപ് സ്‌കോററായി. യഷ് ദയാലിന്റെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. ശ്രേയസ് അയ്യര്‍ (24 പന്തില്‍ 39), റിങ്കു സിങ് (5 പന്തില്‍ 5) എന്നിവരാണ് ടീം വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. മുഹമ്മദ് സിറാജ് മൂന്നോവറില്‍ 46 റണ്‍സ് വഴങ്ങി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോലിയുടെ ചിറകിലേറിയാണ് ബെംഗളൂരു ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.

59 പന്തുകളില്‍ 83 റണ്‍സ് നേടിയ കോലിയാണ് ബെംഗളൂരു നിരയിലെ ടോപ് സ്‌കോറര്‍. ക്ലാസനെ മറികടന്ന് ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തില്‍ ഒന്നാമതെത്താനും കോലിക്കായി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പവര്‍പ്ലേയില്‍ത്തന്നെ പുറത്തായി (എട്ട് റണ്‍സ്). ഹര്‍ഷിത് റാണയുടെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ വമ്പനടികള്‍ നടത്തിയ കാമറോണ്‍ ഗ്രീന്‍ 21 പന്തില്‍ 33 റണ്‍സെടുത്ത ശേഷം റസലിന്റെ പന്തില്‍ പുറത്തായി.

ഗ്ലെന്‍ മാക്‌സ്‌വെല്ലും (19 പന്തില്‍ 28) കൈയടി ഇന്നിങ്‌സ് നടത്തി. രജത് പാട്ടിദറും (3), അനുജ് റാവത്തും (3) നിരാശപ്പെടുത്തി. അവസാന ഓവറുകളിലെത്തി ദിനേഷ് കാര്‍ത്തിക് തകര്‍ത്തടിച്ചു (8 പന്തില്‍ 20). അവസാന ഓവറിലെ അവസാന പന്തില്‍ റണ്ണൗട്ടായാണ് കാര്‍ത്തിക് പുറത്തായത്.

കൊല്‍ക്കത്തയ്ക്കുവേണ്ടി ആന്ദ്രേ റസല്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ പിഴുതു. നാലോവറില്‍ 39 റണ്‍സ് വഴങ്ങി ഹര്‍ഷിത് റാണയും അത്രതന്നെ വിക്കറ്റുകള്‍ നേടി. പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ അഞ്ച് വിക്കറ്റുകളോടെ ഹര്‍ഷിത്, മുസ്താഫിസുര്‍റിന് താഴെ രണ്ടാമതെത്തി. സുനില്‍ നരെയ്‌നാണ് ഒരു വിക്കറ്റ്. മിച്ചല്‍ സ്റ്റാര്‍ക്ക് കഴിഞ്ഞ കളിയുടേതിന് സമാനമായി ഇത്തവണയും റണ്‍സ് വഴങ്ങി. സ്റ്റാര്‍ക്ക് എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സാണ് ബെംഗളൂരു അടിച്ചെടുത്തത്. അവസാന ഓവറില്‍ കോലിയും കാര്‍ത്തിക്കും ചേര്‍ന്ന് 16 റണ്‍സും നേടി. ഇതോടെ നാലോവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത് 47 റണ്‍സ്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളിയില്‍ ചെന്നൈയോട് തോറ്റ ബെംഗളൂരു, രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരേ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ കളിയില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്.

കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌ന് ഇന്ന് 500-ാമത്തെ ടി20 മത്സരമാണ് എന്ന പ്രത്യേകതയുണ്ട്. കീറണ്‍ പൊള്ളാര്‍ഡിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഷുഐബ് മാലിക്കിനും ശേഷം 500 ടി20 മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരമാണ് സുനില്‍. കൊല്‍ക്കത്ത നിരയില്‍ നിതിഷ് റാണ കളിക്കില്ല. സുയാഷ് ശര്‍മയ്ക്ക് പകരം സ്പിന്നര്‍ അനുകുല്‍ റോയിയെ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.