കോടിയേരി ബാലകൃഷ്ണന്റെ സ്തൂപത്തിനുമേൽ രാസവസ്തു ഒഴിച്ച നിലയിൽ, സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചപ്പോൾ.
കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതികുടീരം രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ചാല സ്വദേശി ഷാജിയെ ആണ് ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് കണ്ണൂര്‍ ടൗണ്‍ പോലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണെന്നും കൃത്യമായ ഗൂഢാലോചനയുണ്ടെന്നും സി.പി.എം നേരത്തെ ആരോപിച്ചിരുന്നു.
കുപ്പികള്‍ ശേഖരിച്ച് ജീവിക്കുന്ന ആളാണ് ഷാജി. ഇത്തരത്തില്‍ ലഭിച്ച ഒരു കുപ്പിയിലുണ്ടായിരുന്ന ശീതളപാനീയം സ്മൃതികുടീരങ്ങള്‍ക്കുമേല്‍ ഒഴിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. സമീപത്തെ ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് ഈ കുപ്പി ഇയാള്‍ക്ക് ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്.കുടുംബവുമായി അടുത്ത ബന്ധമില്ലാത്ത ആളാണ് ഷാജിയെന്നും പോലീസ് അറിയിച്ചു.
അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയാണ് കൂടുതല്‍ വികൃതമാക്കിയിരുന്നത്. ചടയന്‍ ഗോവിന്ദന്‍, ഇ.കെ. നായനാര്‍. ഒ. ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്തൂപങ്ങള്‍ ഇതേ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇവയൊന്നും വികൃതമാക്കിയിരുന്നില്ല.
