പ്രതീകാത്മക ചിത്രം | Photo: Tata Power
2024 ഡിസംബറിന് മുമ്പായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 5000 ഇലക്ട്രിക് ചാര്‍ജിങ്ങ് പോയന്റുകള്‍ സ്ഥാപിക്കാനാണ് ഈ സഹകരണം
ഇന്ത്യയിലെ വാഹന മേഖലയിലെ ഇലക്ട്രിഫിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചാര്‍ജിങ്ങ് നെറ്റ്‌വര്‍ക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി(ടി.പി.ഇ.എം.). ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് നെറ്റ്‌വര്‍ക്കുകള്‍ വിപുലമാക്കുന്നതിനായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി (എച്ച്.പി.സി.എല്‍) സഹകരിക്കുന്നതിന് ഇരുകമ്പനികളും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
ഇരുകമ്പനികളുടെയും സഹകരണത്തോടെ 2024 ഡിസംബറിന് മുമ്പായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 5000 ഇലക്ട്രിക് ചാര്‍ജിങ്ങ് പോയന്റുകള്‍ സ്ഥാപിക്കാനാണ് ഈ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉപയോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും നിലവിലെ ഉടമകള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിനാണ് ഈ നീക്കമെന്നാണ് ഇരുകമ്പനികളും അവകാശപ്പെടുന്നത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധന പമ്പുകളിലായിരിക്കും ഇലക്ട്രിക് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ഒരുക്കുകയെന്നാണ് വിവരം. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ള മേഖലകളിലായിരിക്കും ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കുന്നത്. കാര്യക്ഷമമായ ചാര്‍ജിങ്ങ് സേവനം ഉറപ്പാക്കുന്നതിനൊപ്പം ഇതിനുള്ള പണം ഈടാക്കുന്നതിനായി ആര്‍.എഫ്.ഐ.ഡി. കാര്‍ഡ് മുഖേനയുള്ള പേമെന്റ് സംവിധാനം ഒരുക്കുന്നതിനും ഇരുകമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ 68 ശതമാനത്തിന്റെ ഓഹരി ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിനാണ്. അതേസമയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് രാജ്യത്തുടനീളം 21,500 പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, ഇവര്‍ തന്നെ വിവിധ പ്രദേശങ്ങളിലായി 3050 ഇലക്ട്രിക് ചാര്‍ജിങ്ങ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ബാറ്ററി സ്വാപ്പിങ്ങ് സൗകര്യമുള്ള കേന്ദ്രങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്.
കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുമ്പോള്‍ അത്യാവശ്യമായി ഉറപ്പാക്കേണ്ടത് ചാര്‍ജിങ്ങ് സംവിധാനങ്ങളാണ്. എച്ച്.പി.സി.എല്ലുമായുള്ള സഹകരണത്തിലൂടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ വ്യാപകമാക്കുന്നത് മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ തെളിവാണെന്നാണ് ഈ കൂട്ടുക്കെട്ടിനെ കുറിച്ച് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന വിഭാഗം മേധാവി അഭിപ്രായപെട്ടിരിക്കുന്നത്.
