അപകടത്തിൽപ്പെട്ട ബസ് | Photo:Twitter@upuknews1

ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്‌സ്വാനയുടെ തലസ്ഥാനമായ ​ഗബുറോണിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീർഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലത്തിന് മുകളിൽ വച്ച് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.